കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴികൾ പുറത്ത്. ഭാര്യാ പിതാവിനെയാണ് താൻ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിർ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്മാൻ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്മാൻ എതിർത്തെന്നും യാസിർ പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തിൽ മനംനൊന്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭർത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കാറിൽ രക്ഷപെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്. നാലു വർഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത്. എന്നാൽ ആദ്യ മാസങ്ങൾക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ മർദിക്കുകയും ഷിബിലയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുൻപ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പോലീസിൽ പരാതിയും നൽകി. എന്നാൽ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം യാസർ ലഹരി ഉപയോഗിച്ചെന്നും ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷിബില ഫെബ്രുവരി 28 ന് നൽകിയിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സുനീർ പറഞ്ഞു. പ്രതി യാസർ ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തിയെന്ന് അയൽവാസിയും പഞ്ചായത്ത് മെമ്പറുമായ ഡെന്നി വർഗ്ഗീസ് പറഞ്ഞു. ഉച്ചയ്ക്ക് വന്ന് ഷിബിലയുടെ SSLC സർട്ടിഫിക്കറ്റ് യാസിർ കൈമാറി. വൈകിട്ട് വന്ന് സലാം പറഞ്ഞ് പിരിയാമെന്ന് പറഞ്ഞതായും ഡെന്നി പറയുന്നു. തുടർന്ന് ഏഴുമണിയോടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.