കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യമലയിലെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നതിനിടെ ശനിയാഴ്ച വൈകി നഗരത്തിന്‍റെ പല മേഖലകളിലും രൂക്ഷമായ പുക ഉയർന്നു. മാലിന്യകൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നടക്കമുള്ള പുകയാണ് നഗരത്തിൽ വ്യാപിക്കുന്നത്. നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് പുകപടലങ്ങൾ ദൃശ്യമായത്.
വൈറ്റില കൂടാതെ പാലാരവിട്ടം,കലൂർ,ഇടപ്പള്ളി തുടങ്ങിയ നഗരത്തിന്‍റെ പല പ്രദേശങ്ങളിലും പുക വന്ന് മൂടി. പാലാരിവട്ടത്ത് ദേശീയപാതയോരത്ത് വാഹനങ്ങൾ കടന്ന് പോകാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പുക വന്ന് മൂടി. ശനിയാഴ്ച വൈകീട്ട് വാരാന്ത്യ ആഘോഷത്തിലേക്ക് കടന്ന കൊച്ചിക്കാർക്ക് അപ്രതീക്ഷിതമായി ഈ തിരിച്ചടി. കൊവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.
മുതിർന്നവരും,കുട്ടികളും ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാസ്ക ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്ഥയാണ് കൊച്ചി നഗരത്തിൽ പകൽ സമയങ്ങളിലും പ്രതീക്ഷിക്കേണ്ടത്. ബ്രഹ്മപുരത്ത് ഇന്ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. കൂടുതൽ ഫയർ എഞ്ചിനുകൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.
ഒപ്പം കടന്പ്രയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള വലിയ മോട്ടോറുകളും ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തും പുക പ്രശ്നമുള്ള മേഖലകളിലും പരമാവധി ആളുകൾ പുറത്തിറങ്ങരുതെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ നിർദ്ദേശം. കടകൾ തുറക്കാതെ പരമാവധി ആളുകളെ വീടുകളിൽ തന്നെ ഇരുത്തി വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.