അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള എല്ലാവിധ ശ്രമങ്ങൾ നടത്തിയിട്ടും തോറ്റ് നിൽക്കുന്ന സ്ഥിതിയാണെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ. എട്ട് നോട്ട്സ് ആണ് നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എന്നാണ് നേവി ഉദ്യോഗസ്ഥർ പറയുന്നത്. മൂന്ന് നോട്ട്സിൽ പോലും ട്രക്കിനുള്ളിൽ ജീവനോടെ ആളുണ്ടെന്ന് 100 ശതമാനം ഉറപ്പുണ്ടെങ്കിലേ ഇറങ്ങാറുള്ളൂ എന്നാണ് അവർ പറയുന്നതെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞിട്ടും നമുക്ക് ഫലം ഒന്നും ലഭിച്ചിട്ടില്ല. ട്രക്ക് കണ്ടു എന്ന് പറയുന്നതല്ലാതെ അതികത്ത് അര്‍ജുന്‍ ഉണ്ടോ എന്നുപോലും സ്ഥിരീകരിച്ചിട്ടില്ല.
നേവിയുടെ തലപ്പത്തുള്ള മലയാളിയായ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു. ഇന്ത്യയിലെവിടെയെങ്കിലും പാറ മുകളിലുള്ളപ്പോൾ മണ്ണ് മാറ്റാന്‍ പറ്റിയ യന്ത്രമുണ്ടോ എന്ന് വനംമന്ത്രി ചോദിച്ചിരുന്നു. ആര്‍മിയുടെ പക്കല്‍ എന്തെങ്കിലും യന്ത്രമുണ്ടോ എന്നും ചോദിച്ചു. എന്നാൽ, ഇല്ലെന്നായിരുന്നു മറുപടി. മണ്ണും പാറയും മാറ്റിയാല്‍ മാത്രമേ ട്രക്കിനടുത്തേക്ക് എത്താന്‍ സാധിക്കൂ എന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യങ്ങള്‍ ചോദിച്ചത്.