വെച്ചൂച്ചിറ : ഓരോ അധ്യയന വർഷവും വിദ്യാലയത്തിൽ എത്തുന്ന കുട്ടികളിൽ ആഹ്ലാദവും കൗതുകവും വാനോളം എത്തിക്കുവാന്‍ എണ്ണൂറാംവയല്‍ സ്കൂള്‍. മുതിർന്ന കുട്ടികൾ തങ്ങൾ കഴിഞ്ഞ വർഷം വിദ്യാലയം വിട്ട അവസരത്തിൽ കണ്ട വിദ്യാലയമായിരിക്കില്ല പുതു വർഷത്തിൽ കാണുക. പുതിയതായി എത്തുന്ന കുരുന്നുകൾ അത്ഭുത കാഴ്ചകൾ കണ്ട അമ്പരപ്പിലായിരിക്കും. അങ്ങനെ ഓരോ വർഷവും ഏറെ പുതുമകളോടെ വിദ്യാലയത്തെ മാറ്റി കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്ന ഒരു വിദ്യാലയമുണ്ട്. പത്തനംതിട്ട – റാന്നി സബ് ജില്ലയിലെ വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂൾ. പാറിപ്പറക്കുന്ന കുരുന്നുകൾക്ക് ഈ അധ്യയന വർഷം പക്ഷിക്കൂടുകളിലായിരിക്കും പഠനം.
മുൻ വർഷങ്ങളിൽ വിദ്യാലയ ചുവരിൽ കടലിന്റെ അടിത്തട്ടിലെ കാഴ്ചകളും ജല ജീവികളും കാനന ഭംഗിയും വന്യ ജീവികളും കാർട്ടൂൺ കഥാ പാത്രങ്ങളും അന്യഗ്രഹ ജീവികളും ബഹിരാകാശ കാഴ്ചകളുമൊക്കെയായി കാഴ്ചയുടെ വർണ്ണ വൈവിദ്ധ്യം ഒരുക്കിയ വിദ്യാലയം പുതിയ വർഷത്തിൽ കുട്ടികളെ വരവേൽക്കുവാൻ പക്ഷികളുടെ കൗതുക ലോകമൊരുക്കിയാണ് അണിഞ്ഞൊരുങ്ങുന്നത്. വിദ്യാലയത്തിന്റെ ചുവരുകൾക്ക് ചാരുതയേകി പക്ഷികളുടെ കൗതുക ലോകം നിറച്ചാർത്തണിഞ്ഞ് പുതിയ അധ്യയന വർഷത്തിലെത്തുന്ന നവാഗതരെ വരവേൽക്കുവാൻ അടിമുടി ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്ന പക്ഷികൾക്കൊപ്പം വിദേശികളും സഞ്ചാരികളും ദേശാടനപക്ഷികളുമൊക്കെ ഇടം പിടിച്ചിട്ടുണ്ട്. പക്ഷികളുടെ വർണ്ണ പ്രപഞ്ചം കുട്ടികൾക്ക് കൗതുകവും വിദ്യാലയാന്തരീക്ഷം താല്പര്യവും ആകർഷകവുമാകുമെന്ന് ചിന്തയാണ് ഈ വർഷവും വിദ്യാലയാന്തരീക്ഷം ഇത്തരത്തിൽ ഒരുക്കാൻ അധ്യാപകരെ പ്രേരിപ്പിച്ചത്.
മയിൽ, തത്ത, കുരുവി, ഉപ്പൻ, കൊക്ക്, പൊന്മാൻ, ഒട്ടകപ്പക്ഷി, തുടങ്ങി അമ്പതിലധികം പക്ഷികളുടെ ജീവൻ തുടിക്കുന്ന മനോഹര ചിത്രങ്ങളാണ് പൂർത്തിയായി കഴിഞ്ഞത്. പക്ഷികളുടെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയുമൊക്കെ കോർത്തിണക്കികൊണ്ടുള്ള മനോഹര ചിത്രങ്ങൾ വരച്ചത് സ്കൂളിലെ തന്നെ അധ്യാപകനായ എം ജെ ബിബിനാണ്. ഓരോ വർഷവും വിദ്യാലയത്തിന്റെ ചുവരുകളിൽ വ്യത്യസ്ത ചിത്രങ്ങളൊരുക്കുന്ന ബിബിൻ പാഠ ഭാഗങ്ങളുമായി ബന്ധപ്പെടുത്തി ഒരു ആശയത്തെ മുൻ നിർത്തിയാണ് ചിത്രങ്ങൾ രചിക്കുന്നത്. വിദ്യാലയ ചുവരിലെ ചിത്ര രചനയിൽ പഠന പ്രവർത്തനങ്ങളുടെ അമൂല്യ ശേഖരം തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. എണ്ണൂറാം വയൽ സ്കൂൾ കുട്ടികൾക്ക് നൽകിയ അവധിക്കാല പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനം കിളിപ്പാട്ട് ചലഞ്ച് ആയിരുന്നു. ശബ്ദങ്ങളിൽ നിന്നും സൂചനകളിൽ നിന്നും കുട്ടികൾ പക്ഷികളെ തിരിച്ചറിയുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ചിലൂടെ കുട്ടികൾ കണ്ടെത്തിയ പക്ഷികളെയാണ് വിദ്യാലയ ചുവരുകളിൽ ഒരുക്കിയിട്ടുള്ളത്. ബിബിന്റെയൊപ്പം സുഹൃത്തുക്കളായ അജീഷ് പാമ്പാടി, ഷിനോ പുതുപ്പള്ളി, ഷിജോ ഞാലിയാകുഴിഎന്നിവരും ചേർന്നാണ് ചിത്രങ്ങൾ രചിച്ചിരിക്കുന്നത്. അധ്യാപകരും ലോക്കൽ മാനേജർ റവ. സോജി വി ജോണിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും പൂർണ പിന്തുണയുമായി ഒപ്പമുണ്ട് .
തീർന്നില്ല എണ്ണൂറാം വയലിലെ വിശേഷങ്ങൾ. ഒന്നാം ക്ലാസ്സിലേക്കെത്തുന്ന കുരുന്നുകൾക്ക് വേണ്ടി പാഠപുസ്തകം തന്നെ ക്ലാസ്സ് മുറിയിലെ ചുവരിൽ ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഒന്നാം ക്ലാസ്സിൽ പരിഷ്കരിച്ച പുതിയ പാഠപുസ്തകമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പാഠ പുസ്തകം പുറത്തിറങ്ങിയപ്പോൾ തന്നെ ബിബിന്റെ കരവിരുതിൽ അവയൊക്കെ മനോഹര ചിത്രങ്ങളായി മാറിക്കഴിഞ്ഞു. അങ്ങനെ ഒന്നാം ക്ലാസ്സ് ഒന്നാം തരമാക്കി. എന്നും പ്രവേശനോത്സവം വ്യത്യസ്തവും ആകർഷവുമാക്കി കുരുന്നുകളെ വരവേൽക്കുന്ന എണ്ണൂറാം വയൽ സ്കൂളിൽ പുതിയ അധ്യയന വർഷത്തിലും കുട്ടികളെ വരവേൽക്കുവാൻ കൗതുകക്കാഴ്ചയുമായി കാത്തിരിക്കുകയാണ്.