ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്. 44 മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കാണാതായിരുന്ന രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
ഇവരുടെ കുടുംബങ്ങളെ അധികൃതർ വിവരം അറിയിക്കുകയും അന്ത്യകർമ്മങ്ങൾ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങളോ കണ്ടെത്തലുകളോ ഉണ്ടായാൽ ഉടൻ അറിയിക്കുമെന്നും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനാ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മരുന്ന് നിർമാണ കമ്പനിയായ സിഗാച്ചിയുടെ പ്ലാന്റിലാണ് ഭീകരമായ സ്ഫോടനമുണ്ടായത്. തുടർന്ന് വൻ തീപിടിത്തമുണ്ടാവുകയും ഡസൻ കണക്കിന് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന അപകടകരമായ ചില വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വ്യാവസായിക സുരക്ഷാ നടപടികളെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.