റാന്നി: പച്ചമണ്ണ് കടത്തുന്ന ലോറികളുടെ ഓട്ടം കാരണം റോഡുകൾ ചെളിക്കുഴിയാകുന്നതായി പരാതി. റാന്നിയിലും പരിസര പ്രദേശത്തും തുടർച്ചയായി നടക്കുന്ന പച്ചമണ്ണെടുപ്പാണ് പരാതിക്കിടയാക്കുന്നത്. മഴയില്‍ ചെളിയാകുന്ന ഭാഗം വെയിലാകുന്നതോടെ പൊടിശല്യമായി മാറും. ഇതോടെ നാട്ടുകാര്‍ വലയും. മണ്ണെടുപ്പു കേന്ദ്രത്തിലേക്കുള്ള മരാമത്ത് വകുപ്പിന്‍റെ റോഡുകളെല്ലാം ചെളിക്കുഴിയായി മാറിയ അവസ്ഥയാണ്. കഴിഞ്ഞ ആഴ്ച അങ്ങാടി പഞ്ചായത്തിലെ മണ്ണെടുപ്പു കേന്ദ്രത്തിലേക്കുള്ള നെല്ലിക്കമൺ- പുള്ളോലി ഔട്ട് റിങ്ങ് റോഡിൻ്റെ നെല്ലിക്കമൺ ജംഗ്ഷനു സമീപഭാഗം ചെളിനിറഞ്ഞ് അപകടാവസ്ഥയിലായിരുന്നു. മണ്ണു മാറ്റിയ കേന്ദ്രത്തിൻ്റെ ഭാഗം ചെളിയിൽ കുതിർന്ന് ഒരാഴ്ചയായിലേറെ ആയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മണ്ണ് എടുക്കുന്ന ദിവസങ്ങളിൽ റോഡിൽ ഉണ്ടാകുന്ന ചെളി കഴുകികളയുമെന്ന് നാട്ടുകാരോട് മണ്ണെടുപ്പുകാർ പറയുമെങ്കിലും മണ്ണെടുപ്പ് കഴിഞ്ഞ് കളം കാലിയാക്കി പോയാൽ പിന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. പിന്നീട് മഴ കൂടിയായാൽ റോഡിൽ കിടക്കുന്ന മണ്ണ് മഴവെള്ളത്തിൽ കുഴഞ്ഞ് ചെളിക്കുഴിയായി മാറുന്ന കാഴ്ചയാണ്. റോഡിൽ ചെളിനിറഞ്ഞു കഴിഞ്ഞാൽ കാൽനട യാത്രക്കാരും ഇരുചക്രവാഹനക്കാരും പെട്ടു പോകുന്നവസ്ഥയാണ്. നാട്ടുകാരുടെ ദുരവസ്ഥ അധികൃതരെ അറിയിച്ചാൽ അവരുടെ മൗന അനുവാദത്തിൽ നടക്കുന്നതായതിനാൽ പരാതിക്കാർ ഇളിഭ്യരാകുകയാണ്. അതുകൊണ്ടു ആരും തന്നെ പരാതിപ്പെടാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ടിപ്പർ, ടോറസ് ലോറികളിൽ അളവിൽ കവിഞ്ഞ മണ്ണ് കയറ്റി പോകുബോൾ ലോറിയിൽ നിന്നും വീഴുന്ന മണ്ണാണ് മഴവെള്ളത്തിൽ കലർന്ന് ചെളിയായി മാറുന്നത്.