ചെറുകോല്‍പ്പുഴ : കര്‍ക്കടക വാവു ബലി തര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം. പമ്പാ നദിയില്‍ ചെറുകോല്‍പ്പുഴ കടവില്‍ ചട്ടമ്പി സ്വാമികളുടെ സ്‌മൃതി മണ്ഡപത്തിന് സമീപം ശ്രീവിദ്യാധിരാജ നഗറിലാണ് ബലിതര്‍പ്പണം. കൂടുതല്‍ തിരക്ക് പരിഗണിച്ചു ഒരേ സമയം ഇരുനൂറിലധികം പേര്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാവുന്ന രീതിയില്‍ പന്തല്‍ നിര്‍മ്മിക്കും. മലയാലപ്പുഴ ഐക്കരേത്ത് ഇല്ലത്ത് ദീപു നമ്പൂതിരിയുടെമുഖ്യ കാര്‍മികത്വത്തിലാണ് വാവു ബലി ചടങ്ങുകള്‍. ഓഗസ്‌റ്റ് മൂന്നിന് പുലര്‍ച്ചെ 4.30 മുതല്‍ നഗറില്‍ ചടങ്ങുകള്‍ ആരംഭിക്കും.
അനിരാജ് ഐക്കര (ചെയര്‍മാന്‍), എം.ടി. ഭാസ്‌കര പണിക്കര്‍ (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 51 അംഗ കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. വിപുലമായ പാര്‍ക്കിംഗ് സൗകര്യം, ബൃഹത്തായ ക്രമികരണങ്ങള്‍ എന്നിവ മൂലം ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ ബലിതര്‍പ്പണത്തിന് എത്തുന്നു. ഇത്തവണ 3000 പേര്‍ ബലിതര്‍പ്പണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ട്രഷറര്‍ ടി കെ സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയന്റ് സെക്രട്ടറി അനിരാജ് ഐക്കര, കണ്‍വീനര്‍ എം.ടി.ഭാസ്‌ക്കര പണിക്കര്‍, ടി.ആര്‍. ഗോപാല കൃഷ്‌ണന്‍ നായര്‍, ജി. രമേശ്, രാധ എസ്. നായര്‍, ആര്‍. ഗിരിജാകുമാരി, പ്രീത ബി. നായര്‍, പ്രസന്നാ വേണുഗോപാല്‍, ദീപ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.