കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്. ഒമാന്‍ സ്വദേശികള്‍ മിഠായി നല്‍കിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വ്യക്തത വന്നതോടെ കുട്ടികളുടെ കുടുംബം പരാതി പിന്‍വലിച്ചു. എളമക്കരയില്‍ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പരാതിയില്‍ മൂന്ന് ഒമാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതല്ലെന്നും മിഠായി നല്‍കിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് സമീപം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. മൂന്നംഗ സംഘം കുട്ടികളെ മിഠായി കാണിച്ച് സ്വാധീനിക്കാനും ബലംപ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുമെന്നുമാണ് രക്ഷിതാക്കള്‍ എളമക്കര പോലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞത്. കേസില്‍ വ്യക്തത വന്നതോടെ കുട്ടികളുടെ കുടുംബം പരാതി പിന്‍വലിക്കുകയും ഒമാന്‍ സ്വദേശികളെ പോലീസ് വിട്ടയക്കുകയും ചെയ്തു.