അടൂർ : റോഡ് പണി ആരംഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഇളമണ്ണൂർ-പാടം പാത പൂർണമാകാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പന്ത്രണ്ട് കിലോമീറ്ററുള്ള ഈ പാതയുടെ പുനർനിർമാണത്തിന് 21.90 കോടിയാണ് അനുവദിച്ചത്.
2020 ഏപ്രിൽ 14ന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. കലഞ്ഞൂർ, വാഴപ്പാറ, ചിതൽവെട്ടി പാലങ്ങളും കലുങ്കുകളും പൊളിച്ചാണ് നിർമാണം തുടങ്ങിയത്. കലഞ്ഞൂർ ഡിപ്പോ കവല മുതൽ കെ.ഐ.പി അക്വഡക്ട് വരെ പാതയിലൂടെ ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രികർക്കും കടന്നുപോകണമെങ്കിൽ ചില്ലറ അഭ്യാസകളൊന്നുമല്ല കാട്ടേണ്ടത്.
മഴയിൽ പാതയിൽ പൂർണമായും ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. മഴക്കാലത്ത് ചളിയാണ് വില്ലനെങ്കിൽ വേനൽക്കാലത്ത് പൊടിയാണ് പ്രശ്നം. അപകടങ്ങൾ ഈ പാതയിൽ പതിവു കാഴ്ചകളാവുകയാണ്. ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെ റോഡിൽ ഭാഗികമായി ടാർ ചെയ്തെങ്കിലും കലഞ്ഞൂർ മുതൽ പാടം വരെ അപകടം പിടിച്ചതാണ് യാത്ര.
ഇപ്പോഴും കലഞ്ഞൂർ മുതൽ വാഴപ്പാറ വരെ ഭാഗം പൂർണമായും വെട്ടിപ്പൊളിച്ച നിലയിലാണ്. കലഞ്ഞൂർ, വാഴപ്പാറ, ഉടയിൽ ചിറ, മണക്കാട്ട് പുഴ, മുള്ളൂർ നിരപ്പ്, മാങ്കോട്, പാടം, വെള്ളം തെറ്റി, പൂമരുതിക്കുഴി, പ്രദേശങ്ങളിലുള്ളവരാണ് യാത്രദുരിതം ഏറെ അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളിൽനിന്ന് കലഞ്ഞൂർ, പത്തനാപുരം എന്നിവിടങ്ങളിലേക്കുള്ള ഏക പാതയാണിത്.
നിർമാണം നീളുന്നത് കരാറുകാരെൻറ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ല കലക്ടർ, എം.എൽ.എമാർ, എം.പിമാർ, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല .അധികൃതരുടെ ഭാഗത്ത് നിന്ന് തുടർന്നും ഈ നിസ്സഹകരണ മനോഭാവമാണെങ്കിൽ പ്രക്ഷോഭ നടപടികൾ സ്വീകരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.