പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ പഞ്ചായത്തുകളില്‍ നെല്‍കൃഷി വികസന രംഗത്ത് മുന്നേറ്റം നടത്തുന്നതിനും കരിമ്പു കൃഷി പുനരാരംഭിക്കുന്നതിനുമായി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു.
കരിമ്പ് വികസ പദ്ധതി, കരിമ്പ് തലക്കം വിതരണം എന്നിവയുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. കൃഷി വകുപ്പിന്റെ സഹായത്തോടെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നെല്ല് കുത്തുന്ന പോര്‍ട്ടബിള്‍ മില്‍ അനുവദിക്കുമെന്നും കരിമ്പ് കര്‍ഷകര്‍ക്കുവേണ്ടി ഇലന്തൂര്‍ ശര്‍ക്കര വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
നെല്‍കര്‍ഷകര്‍ക്കുള്ള ആദരവ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി കാര്‍ഷിക വികസനപദ്ധതികളെകുറിച്ച് പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബ്ലസി മറിയം ജോണ്‍ പദ്ധതി വിശദീകരണവും പത്തനംതിട്ട കൃഷി അസി.ഡയറക്ടര്‍ ടി.ജെ ജോര്‍ജ് ബോബി ജനകീയാസൂത്രണ പദ്ധതി വിശദീകരണവും നടത്തി. പന്തളം എസ്.എസ്.എഫ് കൃഷി ഓഫീസര്‍ വിമല്‍കുമാര്‍ കരിമ്പു കൃഷിയും, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് പാപ്പച്ചന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. ഇന്ദിരാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍.ശിവരാമന്‍, എം.എസ് സിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, എ.എന്‍ ദീപ, ജോണ്‍ വി. തോമസ്, എം.ബി സത്യന്‍, ആലീസ് രവി, രമാദേവി, സാലി തോമസ്, വത്സമ്മ മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രകാശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ 400 പേര്‍ക്ക് ഗുണമേന്മയേറിയ ഇഞ്ചി, മഞ്ഞള്‍ വിത്തടങ്ങിയ പത്തു കിലോയോളം വരുന്ന കൃഷിക്കാവശ്യമായ കിറ്റും 1000 രൂപയുടെ ജൈവ വളവും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. അഞ്ചു ലക്ഷം രൂപ മുതല്‍മുടക്കില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 400 കര്‍ഷകര്‍ക്കുള്ള ഉത്പന്നങ്ങളാണു വിതരണം ചെയ്തത്.
ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ പത്തോളം കര്‍ഷകര്‍ കരിമ്പ് തലക്കം ഏറ്റ് വാങ്ങി. 1985 ന് ശേഷം മധ്യതിരുവിതാംകൂറില്‍ നിലച്ചുപോയ കരിമ്പ് കൃഷി തിരികെ കൊണ്ടുവരാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടുകൂടി മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളിലെ 10 കര്‍ഷകര്‍ മുമ്പോട്ടുവന്നു. 2015 ല്‍ 50 ഹെക്ടറില്‍ താഴെ നെല്‍കൃഷിയുണ്ടായിരുന്ന ഇലന്തൂര്‍ ബ്ലോക്കില്‍ 2019 ഡിസംബര്‍ 31 ആയപ്പോള്‍ 275 ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ 80 ലക്ഷം രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ നാല് വര്‍ഷമായി ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചിരിക്കുന്നത്. നെല്‍കൃഷിയില്‍ 100 ശതമാനം പദ്ധതി വിഹിതവും ചിലവഴിച്ചു.