കോഴഞ്ചേരി : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാക്ടറുകളും കൊയ്ത്ത് -മെതി യന്ത്രങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. നാരങ്ങാനം പുന്നോണ്‍ പാടശേഖരത്തിലെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാടശേഖരങ്ങളിലെ നെല്‍കൃഷി വിളവെത്തികഴിഞ്ഞാല്‍ കൊയ്യാന്‍ യന്ത്രങ്ങള്‍ ലഭിക്കാനുള്ള കാലതാമസമുണ്ടാകുന്നുണ്ട്. ഇത് മൂലം നെല്ല് നശിക്കുകയാണ്. കൊയ്ത്ത് -മെതി യന്ത്രം വാങ്ങി നല്‍കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത് വാങ്ങാന്‍ തീരുമാനിച്ചത്. 45 ഹെക്ടര്‍ നെല്‍കൃഷി മാത്രമുണ്ടായിരുന്ന പാടശേഖരത്തില്‍ നിന്ന് 4 വര്‍ഷം കൊണ്ട് 275 ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. നാല് വര്‍ഷം കൊണ്ട് നെല്‍കൃഷിയുടെ അടിസ്ഥാന വികസനത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചു. ഓമല്ലൂര്‍ പാടശേഖരത്തിലെ ‘ഓമല്ലൂര്‍ അരി’ മാര്‍ച്ച് മാസം വിപണിയിലെത്തും. കരിമ്പ്, വെറ്റില ഉള്‍പ്പെടെയുള്ള നൂതന കൃഷികള്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. പുന്നോണ്‍ പാടശേഖരത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി തയ്യാറാക്കിയ മൈനര്‍ ഇറിഗേഷന്‍ പദ്ധതി കൊയ്ത്തിന് ശേഷം ആരംഭിക്കും. വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ പരിശ്രമം മൂലം 45 ലക്ഷം രൂപ ഇതിന് അനുവദിച്ചിട്ടുണ്ട്.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ്. പാപ്പച്ചന്‍, ബ്ലോക്ക് മെമ്പര്‍മാരായ ജോണ്‍ വി. തോമസ്, സാലി തോമസ്, ആലീസ് രവി, രമാ ദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ റോസമ്മ രാജന്‍, ശ്രീകാന്ത് കളരിക്കല്‍, കെ. ജി. സുരേഷ് കുമാര്‍, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ജോര്‍ജ്ജ് ബോബി, കൃഷി ഓഫീസര്‍ ധന്യ, ബിന്ദു, പാടശേഖര സമിതി പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി രാജു വര്‍ഗീസ്, സിപിഐ(എം) ജില്ലാ കമ്മറ്റിയംഗം എം.വി. സഞ്ചു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രമേഷ് കടമ്മനിട്ട എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.