കൊച്ചി : ടോയ് ലറ്റ് പോലുമില്ലാത്ത ഒറ്റമുറി. നിന്നുതിരിയാന്‍ സ്ഥലമില്ല. കിടക്കാന്‍ കട്ടിലോ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങളോ ഇല്ല. അടുത്ത മുറികളില്‍ താമസിക്കുന്നവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇലന്തൂരില്‍ നരബലിക്കിരയായ പത്മം കൊച്ചിയില്‍ താമസിച്ചിരുന്നതും ഒറ്റപ്പെട്ട്. വൈറ്റില എളംകുളം ഫാത്തിമ മാതാ റോഡില്‍ പള്ളിയുടെ എതിര്‍വശത്ത് റിജുവിന്‍റെ ഷീറ്റിട്ട പഴയ കെട്ടിടത്തിലായിരുന്നു താമസം. ചെറിയ ഇടനാഴിക്ക് ഇരുവശത്തുമായി പത്ത് മുറികള്‍. ഇതിനെല്ലാമായി മൂന്ന് ടോയ്ലറ്റുകള്‍ മാത്രം. വാടകയായ 3,000 രൂപ കൃത്യമായി നല്‍കിയിരുന്നു.
എറണാകുളം ഷേണായീസ് തിയേറ്റര്‍, ചിറ്റൂര്‍ റോഡിലെ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പത്മം ലോട്ടറി വിറ്റിരുന്നത്. രാവിലെ ഇറങ്ങും. രാത്രിയാണ് തിരിച്ചെത്തുക. ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് അടുത്ത മുറിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പറഞ്ഞു. സേലത്തിന് സമീപം ധര്‍മ്മപുരി സ്വദേശിനിയായ പത്മംമം വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ തേടി എത്തിയതാണ്.
രണ്ടു വര്‍ഷത്തോളം നാട്ടില്‍ കഴിഞ്ഞശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ തിരിച്ചെത്തി. ഒരു സഹോദരിയും മകന്‍ ശെല്‍വരാജനും വല്ലപ്പോഴും സന്ദര്ശിക്കാനെത്തിയിരുന്നതായി നഗരസഭാ കൗണ്‍സിലര്‍ ആന്റണി പൈനുതറ പറഞ്ഞു. ദിവസവും അമ്മ ഫോണ്‍ വിളിക്കുമായിരുന്നെന്ന് മകന്‍ ശെല്‍വരാജന്‍ പറഞ്ഞു. കഴിഞ്ഞ 26നാണ് ഒടുവില്‍ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. കൊച്ചിയിലെത്തി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.