ദില്ലി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവ്, സഹോദരന്മാര്‍ തുടങ്ങിയവരെ ഡല്‍ഹി സ്പെഷല്‍ ബ്രാഞ്ചും കേരള പോലീസിലെ പ്രത്യേക സംഘവും ചോദ്യം ചെയ്യുന്നു. ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാന്‍ ദില്ലി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ദില്ലി പോലീസ് സെപഷ്യല്‍ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പോലീസ് സംഘവും ഒപ്പമുണ്ട്. ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
അതേസമയം, ഷാറൂഖ് സെയ്ഫിയെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാളെ രത്‌നാഗിരിയില്‍ വച്ചാണ് പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിവിധ ഏജന്‍സികളുടെ സഹാത്തോടെയാണ് അന്വേഷണം നടത്തിയതെന്നും എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.