പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിലൂടെ നാട് മറ്റൊരു സേവന മുഖം കൂടി ഇന്ന് കണ്ടു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്ന ഇലവുംതിട്ട അയത്തില്‍ വടക്കേ ചെരുവില്‍ 64 കാരിയായ വാസന്തി മരണപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ഇലവുംതിട്ട പോലീസിന്റെ സഹായം തേടി. ജനമൈത്രി ബീറ്റ് ഓഫീസര്‍ അന്‍വര്‍ഷാ ആംബുലന്‍സുമായി വീട്ടിലെത്തി ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരത്തിന് വേണ്ട സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.
പോലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റിയെടുക്കുവാന്‍ ഇത്തരം ജനകീയ ഇടപെടലിലൂടെ കഴിയുന്നുണ്ട്. ജില്ലയില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇലവുംതിട്ടയും ആറന്മുളയുമാണ്. ഇലവുംതിട്ടയിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ അന്‍വര്‍ഷായെപ്പോലുള്ളവര്‍ നാടിനും പോലീസ് സേനക്കും മുതല്‍ക്കൂട്ടാണ്. എന്ത് പണിയും ആര്‍ക്കുവേണ്ടിയും ചെയ്യുവാന്‍ സന്നദ്ധരായി നിലകൊള്ളുന്ന ഇവരാണ് പോലീസ് സേനയിലെ ചിലരുടെ കളങ്കം ഒരു പരിധിവരെ മാറ്റിയെടുക്കുന്നത്. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശമ്പളത്തില്‍ നിന്നും ഒരുവിഹിതം അശരണര്‍ക്ക് കൈത്താങ്ങായി നല്‍കുന്നു. ഇത് എല്ലാമാസവും കൃത്യമായി തുടരുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനവും അഭിനന്ദനങ്ങളും ഉണ്ടാകണം. ഇവരാണ് യഥാര്‍ഥ ജനമൈത്രി പോലീസ്.
ഇലവുംതിട്ട ജനമൈത്രി പോലീസ് – ബീറ്റ് ഓഫീസര്‍ അന്‍വര്‍ഷാ – 94470 29494