പറവൂർ: വയോധികക്ക് അടിയന്തര ചികിത്സക്ക് സൗകര്യം ഒരുക്കാതിരുന്നതും മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസ് പറവൂർ താലൂക്ക് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു. ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവ, രോഗിയെ ആശുപത്രിയിൽ കൊണ്ടുവന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ, ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എസ്. സന്ദീപ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
പണം മുൻകൂർ നൽകണമെന്ന ആംബുലൻസ് ഡ്രൈവറുടെ പിടിവാശി മൂലം ചികിത്സ വൈകിയാണ് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (74) മരിച്ചതെന്ന പരാതിയിലാണ് മന്ത്രി വീണ ജോർജിന്റെ നിർദേശ പ്രകാരം അന്വേഷണം. സംഭവത്തെത്തുടർന്ന് പെരുമ്പാവൂർ ഗവ. ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ മുൻ സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിനുശേഷം അഡീഷനൽ ഡയറക്ടർ, മരിച്ച അസ്മയുടെ വീട് സന്ദർശിച്ച് ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
ആംബുലൻസിന്റെ വാടക വാങ്ങുന്നതിന്റെ രസീത് കൃത്യമായി നൽകാത്തത് സംബന്ധിച്ച ന്യൂനതകൾ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. താലൂക്ക് ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപ്രത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാൻ വൈകിയതിനാലാണ് അസ്മ മരിച്ചതെന്ന ആക്ഷേപമുയർന്നപ്പോൾ തന്നെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ആംബുലൻസ് ആവശ്യമുള്ളവർ പണം മുൻകൂറായി അടയ്ക്കണമെന്ന നോട്ടിസ് സൂപ്രണ്ട് ആശുപത്രിയിൽ പതിച്ചതും വിവാദമായി.