തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുക. മുസ്ലിം ലീഗിന്റെ പിവി അബ്ദുല്‍ വഹാബ്, കോണ്‍ഗ്രസിന്റെ വയലാര്‍ രവി, സിപിഎമ്മിന്റെ കെ.കെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. നിയമസഭയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുഡിഎഫിന് ഒരു സീറ്റ് കിട്ടാനേ ഇനി തരമുള്ളൂ. എല്‍ഡിഎഫ് രണ്ടു സീറ്റ് നേടും.
മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിക്കും. ഇദ്ദേഹത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് വ്യക്തമല്ല. ഒരുപക്ഷേ എല്‍ഡിഎഫിലെ സഖ്യകക്ഷികള്‍ക്ക് സിപിഎം സീറ്റ് വിട്ടുകൊടുത്തേക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 24നാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ മൂന്നിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ അഞ്ച് ആണ്. 12നാണ് വോട്ടെടുപ്പ്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ നിയമസഭയിലെത്തി പോള്‍ രേഖപ്പെടുത്താം. അഞ്ച് മണിക്ക് വോട്ടെണ്ണും. ഏപ്രില്‍ 16ന് മുമ്പായി പുതിയ രാജ്യസഭാംഗങ്ങള്‍ അധികാരമേല്‍ക്കും.