തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ മാറ്റാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായതിനെ വിമര്‍ശിച്ച ബിജെപിയെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കു പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ നടത്തണമെന്നാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും ബിജെപിക്ക് അതിനെക്കുറിച്ച് ഒരു ചിന്തയുമില്ല. ജയിക്കില്ലെന്നറിയാം. ആളുകള്‍ വോട്ടെടുപ്പിനു വരണമെന്നോ ജയിക്കണമെന്നോ അവര്‍ക്കു ചിന്തയില്ല. പിന്നെ അവര്‍ക്ക് ഇപ്പോള്‍ നടത്തിയാലും കുഴപ്പമില്ലെന്നു ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഭയന്നല്ല വോട്ടെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് വ്യാപനം സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വെയ്ക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാവാത്ത ബാധ്യതയാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞടുപ്പുകള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണ ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങനെയാണെങ്കില്‍ 2021 മാര്‍ച്ച് 10ന് പെരുമാറ്റചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പ് നവംബര്‍ പകുതിയോട നടന്നാല്‍ മൂന്ന് പൂര്‍ണ മാസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. മണ്ഡലത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പറ്റില്ല. നിയോജക മണ്ഡലത്തില്‍ ഒഴിവുണ്ടായി ആറ് മാസത്തിനുള്ളതില്‍ ഇവ നികത്തണമെന്നാണ് ചട്ടം. ഡിസംബറിലാണ് കുട്ടനാട്ട് നിയമസഭാ മണ്ഡലത്തില്‍ ഒഴിവുണ്ടായത്. മാര്‍ച്ചിലാണ് ചവറയില്‍ ഒഴിവുണ്ടായത്. കുട്ടനാട്ടില്‍ ആറ് മാസത്തിലധികമായി ഒഴിവുണ്ടായിട്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വലിയ പ്രശ്നമായി തുടരുകയാണ്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയാണോ എന്നാണ് സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്തത്. കോവിഡ് കണക്കിലെടുത്ത് ഉപതെഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാണ് എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്. 2020 നവംബര്‍ 12ന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. ഇവ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അല്‍പ്പമൊക്കെ മാറ്റിവയ്ക്കാവുന്നതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ദീര്‍ഘമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ല. സര്‍വ്വകക്ഷി തീരുമാനം ബന്ധപ്പെട്ടവരെ എല്ലാം അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇതിനോടു പ്രതികരിച്ചത്. കോവിഡ് അവസാനിച്ചതിനുശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റുമോ. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാന്‍ സാധ്യതയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് സുരേന്ദ്രന് ചോദിച്ചു. ഇപ്പോള്‍ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും പുറത്തൊരു ധാരണയിലെത്തിയശേഷമാണ് സര്വ്വകക്ഷിയോഗത്തിനെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. യുഡിഎഫിലും തമ്മിലടിയും ബഹളങ്ങളുമൊക്കെയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റാമെന്ന നിലയാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.