ദില്ലി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സേവന വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കാനൊരുങ്ങി മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. നാളെയാരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാനിരിക്കുന്ന ബില്ലിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ളവരുടെ സേവന വ്യവസ്ഥകള്‍ തരംതാഴ്ത്തുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് കത്തെഴുതുന്നത്. മൂന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കത്തില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് തുല്യമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സേവന വ്യവസ്ഥകള്‍. എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, നിയമന കാലാവധി) ബില്‍ – 2023 പ്രകാരം സേവന വ്യവസ്ഥകള്‍ ക്യാബിനറ്റ് സെക്രട്ടറിയുടേതിന് അനുസൃതമായി മാറും. ഇതാണ് മുന്‍പുണ്ടായിട്ടില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രേരിപ്പിക്കുന്നത്. ഈ മാറ്റത്തെ അനഭിലഷണീയവും കമ്മീഷണര്‍മാരുടെ സ്വാതന്ത്ര്യത്തിനും അധികാരത്തിനുമുള്ള ഭീഷണിയായുമാണ് മുന്‍ അംഗങ്ങള്‍ കാണുന്നത്.