കൊച്ചി : കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നിര്‍ദേശം. സ്ഥാനാര്‍ഥികള്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇവര്‍ക്ക് ഒത്താശയുണ്ടെന്നും വന്‍തോതില്‍ കള്ളവോട്ടിനും ആള്‍മാറാട്ടത്തിനും സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.
1,800 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നും ഇവിടങ്ങളില്‍ മതിയായ സുരക്ഷയും ബൂത്തുകളില്‍ വീഡിയോ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഭീഷണിയുണ്ടെങ്കില്‍ ഹര്‍ജിക്കാരോട് പോലീസിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
14-ാം തിയതിയാണ് കണ്ണൂര്‍, കാസര്‍ഗോഡ് അടക്കമുള്ള ജില്ലകളില്‍ വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.