തിരുവനന്തപുരം : അരുവിക്കര തിരഞ്ഞെടുപ്പിലെ വീഴ്ചയില്‍ വി.കെ മധുവിനെ സി.പി.എം തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് മധുവിനെ തരംതാഴ്ത്തിയത്. എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വി.കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചത്. മധുവിനെതിരെ മാതൃകാപരമായ നടപടിവേണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് തരം താഴ്ത്താന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം ജില്ലാ കമ്മറ്റിക്കുപുറമെ സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കേണ്ടതുണ്ട്. വി.കെ മധുവിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ നേരത്തെ ആഗ്രഹിച്ച മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മണ്ഡലത്തില്‍ 32 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി. സ്ഥാനാര്‍ഥിത്വം തീരുമാനിക്കും മുമ്പേ സ്വന്തം നിലയില്‍ ബൂത്ത് കമ്മിറ്റികള്‍ വിളിച്ച് ചുമതലകള്‍ നിശ്ചയിച്ചു നല്‍കി. പ്രചാരണത്തിനുവേണ്ട പണം നല്‍കുകയും വീഡിയോ പ്രചാരണം തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാന സമിതി വി.കെ മധുവിന്റെ പേര് വെട്ടുകയും ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും ചെയ്തത് അംഗീകരിക്കാനും വിമുഖത കാണിച്ചു.
സ്റ്റീഫന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിലപാടെടുത്ത മധുവിനെ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് തിരുത്തിയത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള പാര്‍ട്ടിയില്‍ എത്രപേര്‍ക്ക് പദവികള്‍ കിട്ടുന്നെന്ന് ഓര്‍ക്കണമെന്നാണ് കോടിയേരി വിമര്‍ശിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലും വി.കെ മധു നിസഹകരണത്തിലായിരുന്നു.