പത്തനംതിട്ട : വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചിവരെ. വിവിധയിനം പോസ്റ്ററുകള്‍, കവറുകള്‍, ഫാറങ്ങള്‍, എല്‍ഇഡി ബള്‍ബ് വരെയുള്‍പ്പെടും. ഹെല്‍ത്ത് കിറ്റ് ഉള്‍പ്പെടെ നൂറിലധികം ഇനങ്ങള്‍ ഉള്‍പ്പെടുന്ന ബാഗുകളാണ് ഓരോ ബൂത്തിനുമുള്ള പ്രിസൈഡിംഗ് ഓഫീസര്‍ ഏറ്റുവാങ്ങിയത്. തനിക്കൊപ്പമുള്ള മൂന്നു ജീവനക്കാരേയുംകൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ നല്‍കിയിട്ടുള്ള ചെക്ക് ലിസ്റ്റുമായി പ്രിസൈഡിംഗ് ഓഫീസര്‍ ഇത് ഒത്തുനോക്കിയശേഷമാണ് ബൂത്തുകളിലേക്ക് പോകാനായി ബസുകളിലേക്ക് മാറ്റിയത്.
വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, വോട്ടര്‍മാരുടെ രജിസ്റ്റര്‍, വോട്ടേഴ്സ് സ്ളിപ്പുകള്‍, വോട്ടര്‍ പട്ടിക (മാര്‍ക്ക്ഡ് കോപ്പിയും വര്‍ക്കിംഗ് കോപ്പിയും), സ്ഥാനാര്‍ഥി പട്ടിക, ടെന്‍ഡര്‍ വോട്ട് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ട ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും ഒപ്പിന്റെ പകര്‍പ്പ്, കൈവിരലില്‍ അടയാളമിടുന്നതിനുള്ള മഷി, വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സീല്‍ ചെയ്യുന്നതിനുള്ള ടാഗ്, സ്പെഷല്‍ ടാഗ്, സ്ട്രിപ് സീല്‍, ഇവിഎമ്മിനുള്ള ഗ്രീന്‍ സീല്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള റബര്‍ സീലുകള്‍, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, തീപ്പെട്ടി, പ്രിസൈഡിംഗ് ഓഫീസര്‍ക്കുള്ള ഡയറി, വിവിധതരം വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള കടലാസുകള്‍, ചലഞ്ച് വോട്ട് ഫീസിനുള്ള രസീത് ബുക്ക്, വിസിറ്റ് ഷീറ്റ്, വിവിധ സത്യവാങ്മൂലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കടലാസുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പ്രവേശന പാസുകള്‍ തുടങ്ങിയവ ഈ പട്ടികയിലുണ്ട്. ഇത്തവണ ഇരട്ടവോട്ടുള്ളവരുടെ ലിസ്റ്റും എഎസ്ഡി ലിസ്റ്റും പ്രത്യേകമായുണ്ട്. വിവിപാറ്റ് മെഷീനിന് ഒപ്പം 11 സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധതരം എന്‍വലപ്പുകളാണ് മറ്റൊരു പ്രത്യേകത. എല്ലാ രേഖകളും പ്രത്യേകം എന്‍വലപ്പുകളില്‍ സൂക്ഷിക്കണമെന്നതിനാല്‍ ചെറുതും വലുതുമായി 25 തരം എന്‍വലപ്പുകളാണ് പ്രിസൈഡിംഗ് ഓഫീസര്‍ ഏറ്റുവാങ്ങുന്നത്. ഉപയോഗിക്കാത്തതും കേടുപറ്റിയതുമായ സീലുകളും ടാഗുകളും സൂക്ഷിക്കാന്‍വരെ വെവ്വേറെ കവറുകളുണ്ട്. ഇതിനൊപ്പം പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, എന്‍ട്രി, എക്സിറ്റ്, പോളിംഗ് ഏജന്റ് എന്നിങ്ങനെയുള്ള അഞ്ച് സൈന്‍ബോര്‍ഡുകളും ഈ പട്ടികയില്‍ വരുന്നുണ്ട്.
സ്റ്റേഷനറിയുടെ കവറിനുള്ളില്‍ 19 സാമഗ്രികളാണുള്ളത്. പെന്‍സില്‍, ബോള്‍ പെന്‍, വെള്ളപേപ്പര്‍, മൊട്ടുസൂചി… അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇത്തവണ നല്‍കുന്ന പേനയ്ക്ക് പ്രത്യേകതയുണ്ട്. വിത്ത് പേനകളാണ് എല്ലാവര്‍ക്കും നല്‍കുന്നത്. ജില്ലാ ശുചിത്വമിഷനാണ് ആവശ്യത്തിന് വിത്ത് പേനകള്‍ ലഭ്യമാക്കിയത്. സീല്‍ ചെയ്യുന്നതിനുള്ള മെഴുക്, പശ, ബ്ലെയ്ഡ്, മെഴുകുതിരി, ട്വൊയിന്‍നൂല്‍, ഇരുമ്പിലുള്ള സ്‌കെയില്‍, കാര്‍ബണ്‍ പേപ്പര്‍, എണ്ണയോ അതുപോലുള്ള അഴുക്കോ നീക്കുന്നതിന് ആവശ്യമായ തുണി, പാക്ക് ചെയ്യുന്നതിനുള്ള പേപ്പറുകള്‍, സെലോ ടേപ്പ്, റബര്‍ബാന്‍ഡ്, ഡ്രായിംഗ് പിന്‍ എന്നിവയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് കൊണ്ടുപോയി.