പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ ആന്റിഡിഫേയ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. 443 പോസ്റ്ററുകള്‍, 46 ബാനറുകള്‍ 177 കൊടികള്‍ എന്നിവയാണ് ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം നീക്കം ചെയ്തിട്ടുള്ളത്.
ആറന്മുള മണ്ഡലത്തില്‍ 125 പോസ്റ്ററുകള്‍, ഏഴു ബാനറുകള്‍ 20 കൊടികള്‍ എന്നിവയും തിരുവല്ല മണ്ഡലത്തില്‍ 85 പോസ്റ്ററുകള്‍, 25 ബാനറുകള്‍ 128 കൊടികള്‍ എന്നിവയും, കോന്നി മണ്ഡലത്തില്‍ 45 പോസ്റ്ററുകള്‍, മൂന്നു ബാനറുകള്‍ എന്നിവയും, റാന്നി മണ്ഡലത്തില്‍ 113 പോസ്റ്ററുകള്‍, ഏഴ് ബാനറുകള്‍ 17 കൊടികള്‍ എന്നിവയും, അടൂര്‍ മണ്ഡലത്തില്‍ 75 പോസ്റ്ററുകള്‍, നാല് ബാനറുകള്‍, 12 കൊടികള്‍ എന്നിവയും നീക്കം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.