തിരുവനന്തപുരം : കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപെടു. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം പ്രചാരണചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂപ്പണ്‍ അടിച്ച് നല്‍കിയിരിക്കുകയാണ് കെ.പി.സി.സി.
നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളാണ് പാര്‍ട്ടി അച്ചടിച്ചിരിക്കുന്നത്. വിറ്റ് കിട്ടുന്ന കാശെടുത്ത് പുട്ടടിക്കാമെന്ന് ആരും കരുതേണ്ട. കാരണം ഓരോ വാര്‍ഡിലേക്കും ചെലവിനുളള കൂപ്പണേ ഉളളൂ. ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അമ്പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരുലക്ഷം, കോര്‍പ്പറേഷന്‍ ഡിവിഷന് രണ്ട് ലക്ഷം. ഇതിന് പുറമെ സ്ഥാനാര്‍ത്ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിക്കാനുളള കൂപ്പണുകള്‍ വേറെ നല്‍കും.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് ചെലവിനായി അഞ്ച് ലക്ഷം രൂപയുടെ കൂപ്പണാണ് നല്‍കിയിരിക്കുന്നത്. ബക്കറ്റ് പിരിവ് പോലെ ഇടതുപാര്‍ട്ടികളുടെ സ്റ്റൈല്‍ കടമെടുത്ത് ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന കര്‍ശന നിര്‍ദേശവും നേതാക്കള്‍ താഴെ തട്ടില്‍ നല്‍കിയിട്ടുണ്ട്. പിരിവിനായുളള കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. ഭരണത്തിന്റ സ്വാധീനത്തില്‍ ബി ജെ പിയും എല്‍ ഡി എഫും പണമൊഴുക്കുമ്പോള്‍ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെ.പി.സി.സി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.