പത്തനംതിട്ട : ജില്ലയിലെ ഏതെങ്കിലും പോളിങ് ബൂത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിന് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സംഘടനകള്‍ക്കും അവസരമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. നിബന്ധനകളോടെയാകും അനുമതി.
വീഡിയോഗ്രാഫി നടത്തുമ്പോള്‍ സമ്മതിദായകര്‍ വോട്ട് ചെയ്യുന്ന പ്രക്രിയ ചിത്രീകരിക്കാന്‍ അനുവദിക്കില്ല. സമ്മതിദാന അവകാശത്തിന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്താനും പാടില്ല. വീഡിയോ ചിത്രീകരണത്തിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാന്‍ പാടില്ല. വീഡിയോഗ്രാഫര്‍ക്ക് നല്‍കാനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടേയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ നിക്ഷേപിക്കണം. തെരഞ്ഞടുപ്പിനു ശേഷം ബില്ലും ക്ലെയിമും സമര്‍പ്പിക്കുന്ന മുറയ്ക്ക് ഈ തുക അനുവദിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോഗ്രഫി ചെയ്യുന്നത് എന്നതിനാല്‍ ഇതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി പരിഗണിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.