കൊച്ചി: പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വിവരാവകാശനിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വീഡിയോ ഉള്‍ക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിവരാവകാശ പ്രവര്‍ത്തകനും ആര്‍ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനു നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വീഡിയോ നല്‍കാനാകൂ എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട് നിരാകരിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡണ്ട് അഡ്വ. ഡി ബി ബിനു അപേക്ഷ നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015-ലെ നിര്‍ദേശ പ്രകാരവും 1961 ലെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരവും ഇത് നല്‍കാനാവില്ലെന്നായിരുന്നു പിഐ ഒ യുടെ നിലപാട്. ഇത് നിരാകരിച്ചാണ് കമ്മിഷന്റെ സുപ്രധാനമായ ഉത്തരവ്. പോളിങ് ബൂത്തുകളില്‍ കള്ളവോട്ടും ആള്‍മാറാട്ടവും നടന്ന സാഹചര്യത്തില്‍ ഈ വിവരത്തിന് വിശാലമായ പൊതുതാല്‍പര്യമുണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം അപ്പീല്‍ അധികാരിയും ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് ഡി ബി ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
ആര്‍ ടി. ഐ.നിയമത്തിലെ 8, 9 വകുപ്പുകള്‍ പ്രകാരം മാത്രമേ വിവരം നിഷേധിക്കാന്‍ പിഐഒ യ്ക്ക് അധികാരമുള്ളൂ എന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി .ആവശ്യപ്പെട്ട വിവരങ്ങള്‍ പൊതു അധികാരിയുടെ പക്കല്‍ സൂക്ഷിക്കുന്നതുമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ പോളിങ് ബൂത്തിലെ വീഡിയോ ടേപ്പ് നല്‍കാനാവൂ എന്നാണ് ചട്ടം. ഫലം പ്രഖ്യാപിച്ച് 45 ദിവസം വരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ ഇവ സൂക്ഷിക്കുകയും വേണം. ആ സമയപരിധിക്കകം ചോദിച്ചാല്‍ മാത്രമേ നല്‍കാനാവൂ എന്ന നിലപാടും കമ്മീഷന്‍ തള്ളിക്കളഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു പരിധിവരെ സ്വതന്ത്രവും നിഷ്പക്ഷവുമായി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്ന് അഡ്വ.ഡി.ബി. ബിനു പറഞ്ഞു.