തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ ഇലക്‌ട്രിക് ബസുകള്‍. സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് ഇലക്ട്രിക് ബസുകള്‍ സര്‍വിസ് തുടങ്ങുന്നത്. ഇതിനോടൊപ്പം ബാക്കി സര്‍ക്കിളുകളിലും ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും.
ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിംഗ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.