ഇന്ത്യയിലെ കാർ വിപണിയിൽ ഇലക്ട്രിക് കാറുകൾ സ്വാധീനം ഉറപ്പിക്കുകയാണ്. ഇന്റേണൽ കംബസ്‌ഷൻ എഞ്ചിനുള്ള കാറുകളിൽ നിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റം സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കി തരും. ഇലക്ട്രിക് കാറുകൾ വാങ്ങിയാൽ കമ്പനികൾ പറയുന്ന റേഞ്ച് കിട്ടാറില്ലെന്ന് ചിലരെങ്കിലും പരാതി പറയാറുണ്ട്. ഇലക്ട്രിക് കാറിന്റെ റേഞ്ചിനെ ഡ്രൈവിംഗ് രീതികൾ കാര്യമായ സ്വാധീനിക്കുന്നുണ്ട്. ഐസിഇ കാറുകൾ ഓടിക്കുന്നതിൽ നിന്നും ചെറിയ വ്യത്യാസങ്ങളോടെ വേണം ഇവികൾ ഓടിക്കാൻ. ഇലക്ട്രിക് കാറുകൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
റീജനറേറ്റീവ് ബ്രേക്കിങ്
പല ഇലക്ട്രിക് വാഹനങ്ങളും ഒന്നിലധികം തലത്തിലുള്ള റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവുമായിട്ടാണ് വരുന്നത്. ചില ഇവി ഉടമകൾ റീജനറേറ്റീവ് ബ്രേക്കിങ് ഓഫ് ചെയ്ത് വെയ്ക്കാറുണ്ട്. ഇത് ചെയ്യുന്നതിലൂടെ ഇവിയുടെ റേഞ്ച് സാരമായി ബാധിക്കും. റേഞ്ചും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് റീജനറേറ്റീവ് ബ്രേക്കിങ് ഓണാക്കി വണ്ടി ഓടിക്കുന്നതാണ് നല്ലത്. വാഹനത്തിൽ ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എനർജിയെ ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനമാണ് റീജനറേറ്റീവ് ബ്രേക്കിങ്.
ത്രോട്ടിൽ ഇൻപുട്ടുകൾ
പെട്രോൾ, ഡീസൽ എഞ്ചിൻ വാഹനങ്ങളിൽ ഉള്ളത് പോലെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ച് മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച മാർഗം ത്രോട്ടിൽ ഇൻപുട്ടുകൾ സൗമ്യമായി കൊടുക്കുക എന്നതാണ്. ഡ്രൈവിങ് സ്റ്റൈലിന്റെ ഭാഗമാക്കി ത്രോട്ടിൽ ഇൻപുട്ട് രീതി മാറ്റണം. ഏതൊരു വാഹനത്തിന്റെയും ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. മികച്ച രീതിയിൽ ത്രോട്ടിൽ ഇൻപുട്ട് കൊടുക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് ഗണ്യമായി വർധിക്കും.
അമിതവേഗത
ഡീസൽ, പെട്രോൾ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൈവേകളിലോ ഹൈവേയിലെ വേഗതയുടെ കാര്യത്തിലോ ഇലക്ട്രിക് വാഹനങ്ങൾ അത്രയ്ക്ക് കാര്യക്ഷമമല്ലെന്ന് വേണം പറയാൻ. മിക്കവാറും എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഓപ്പൺ റോഡുകളേക്കാൾ കൂടുതൽ റേഞ്ച് നഗരത്തിൽ നൽകാൻ സാധിക്കും. ഇലക്ട്രിക് കാർ സൗമ്യമായി തിരക്കേറിയ റോഡുകളിലൂടെ ഓടിച്ചാൽ റേഞ്ച് കൂടുതൽ ലഭിക്കകുന്നു. കാറ്റിന്റെ തടസം, റീജൻ ബ്രേക്കിങ് കുറവ് എന്നിവയാണ് ഹൈവേകളിൽ വില്ലനാകുന്നത്. അമിത വേഗതയിൽ ഇവികൾ ഓടിക്കാതിരിക്കുന്നതാണ് നല്ലത്.
ആവശ്യമില്ലാത്ത ആക്സസറികൾ
ഡീസൽ, പെട്രോൾ കാറുകളെക്കാൾ ഭാരമുള്ളവയാണ് ഇലക്ട്രിക് കാറുകൾ. ഇതിന് കാരണം വലിയ ബാറ്ററി പായ്ക്കുകളാണ്. സൈക്കിൾ റാക്കുകൾ, റൂഫ് റാക്ക്, റൂഫ് ബോക്സ് തുടങ്ങിയ അനാവശ്യ ആക്സസറികൾ ഇവികളിൽ ഉപയോഗിക്കുന്നത് വാഹനത്തിന്റെ റേഞ്ചിനെയും പെർഫേമൻസിനെയും സാരമായി ബാധിക്കും. ഭാരം കൂടുതലാകും എന്നതിനൊപ്പം എയറോഡൈനാമിക്സിനെയും ഇത് ബാധിക്കുന്നു. ഇത് ഇവിയുടെ മൊത്തത്തിലുള്ള റേഞ്ചിലും കാര്യമായ സ്വാധീനം ചെലുത്തും.
ലോ റോളിംഗ് റെസിസ്റ്റൻസ് ടയറുകൾ
ഇലക്ട്രിക് വാഹനങ്ങളിൽ റോളിങ് റെസിസ്റ്റൻസ് കുറഞ്ഞ ടയറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇലക്ട്രിക് വാഹനത്തിൽ നിന്ന് ഉപയോക്താവിന് പരമാവധി റേഞ്ച് ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. ടയർ പ്രെഷർ ഇവികളുടെ മൊത്തത്തിലുള്ള റേഞ്ചിനെ ബാധിക്കുന്നു. അതുകൊണ്ട് ലോ റേളിങ് റെസിസ്റ്റൻസ് ടയർ ഉപയോഗിക്കാനും ടയർപ്രെഷർ കൃത്യമായി നിലനിർത്താനും എപ്പോഴും ശ്രദ്ധിക്കുക. മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇലക്ട്രിക് കാറുകളിൽ കൂടുതൽ റേഞ്ച് ലഭിക്കും.