റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കൽ ഉള്ള വാതക ശ്മശാനത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. റാന്നി, പഴവങ്ങാടി, അങ്ങാടി, ചെറുകോൽ എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെ എം.എല്‍.എ ഫണ്ടുപയോഗിച്ച് പണി പൂർത്തീകരിച്ച വാതക ശ്മശാനത്തിന്റെ ട്രയല്‍റണ്‍ നടത്തി. 12 ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിച്ചാണ് ട്രയൽ റൺ നടത്തിയത്. വര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ച പദ്ധതി ഇഴഞ്ഞു നീങ്ങിയത് പലതവണ വിവാദത്തിലായിരുന്നു.
ഭരണസമതികളുടെ ഉത്തരവാദിത്വം ഇല്ലായ്മയാണ് പദ്ധതി പൂര്‍ത്തീകരിക്കാത്തതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനിടെ തൃശൂര്‍ ആസ്ഥാനമായ കരാര്‍ കമ്പനി കോസ്റ്റ് ഫോര്‍ഡിന് കരാര്‍ പുതുക്കി കൂടുതല്‍ തുക അനുവദിച്ച ശേഷവും മുടങ്ങിയും ഇഴഞ്ഞും നീങ്ങിയ ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തീയായത്.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർലി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി രാജീവ്, അനീഷ് ഫിലിപ്പ്,എം.ജി ശ്രീകുമാർ,റൂബി കോശി,ജിജി വർഗീസ് , കോസ്റ്റ് ഫോർഡ് കോ ഓർഡിനേറ്റർ ബിജു പി ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് ട്രയല്‍ റണ്‍ നടത്തിയത്. എത്രയും വേഗം ഉദ്ഘാടന തീയതി മറ്റ് മൂന്ന് ഗ്രാമപഞ്ചായത്തുകളുമായി ആലോചിച്ച് ശ്മശാനം പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകുമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം എന്നിവർ അറിയിച്ചു