റാന്നി : ചെത്തോങ്കര – അത്തിക്കയം റോഡിലെ മാറ്റിസ്ഥാപിക്കാത്ത വൈദ്യുതി പോസ്റ്റുകൾ അപകടക്കെണിയാകുന്നു. ഇതുകാരണം മരണം ഉൾപ്പെടെ അപകടങ്ങൾ നടന്നിട്ടും അനങ്ങാപ്പാറ നയവുമായി പിഡബ്ല്യുഡിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും മുന്നോട്ടു പോകുകയാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. ശബരിമലയിലേക്കുള്ള പ്രധാന അനുബന്ധ പാതകളിലൊന്നാണ് ചെത്തോങ്കര – അത്തിക്കയം റോഡ്. ബിഎം ബിസി നിലവാരത്തിൽ ഏതാണ്ട് ഒരു വർഷത്തിലേറെയായി നിർമാണ പ്രവർത്തനങ്ങളും വീതികൂട്ടലും നടന്ന റോഡിൽ പ്രത്യേകിച്ചും വളവുകളിൽ ഇപ്പോൾ അപകടകരമായി നിലകൊള്ളുന്ന പോസ്റ്റുകളുണ്ട്.
അവ മാറ്റി സ്ഥാപിക്കാനുള്ള പണം കെഎസ്ഇബി മുൻകൂറായി കൈപ്പറ്റിയിട്ടും മാറ്റിയിടാത്തതാണെന്ന് റോഡു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കക്കുടിമൺ മുതൽ കണ്ണംപള്ളി സെന്റ് മാത്യൂസ് സ്കൂളിന് സമീപവും ചക്കിട്ടവളവിലും പഴയ ഹെൽത്ത് സെന്ററിനു സമീപവുമാണ് പോസ്റ്റുകൾ റോഡിലേക്ക് ഏറെ ഇറങ്ങി നിൽക്കുന്നത്. സർവീസ് ബസുകളും സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡിലെ വൈദ്യുതി തൂണ് ഇതേ നിലയിൽ തുടർന്നാൽ വീണ്ടും അപകടങ്ങൾക്കു കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.