പത്തനംതിട്ട : വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ചാര്‍ജ്ജിംഗ് പോയിന്റുകള്‍ പത്തനംതിട്ട ജില്ലയിലും വ്യാപകമാകുന്നു. കെ.എസ്.ഇ.ബിയാണ് പോള്‍ മൌണ്ടുകളും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നത്. ജില്ലയില്‍ മൂന്ന് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. പത്തനംതിട്ട വൈദ്യുതി ഭവന്‍, തിരുവല്ല സബ് സ്റ്റേഷന്‍, പമ്പ എന്നിവിടങ്ങളിലാണ് ഇത്. ഒരേ സമയം മൂന്നു വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജ്ജിഗും സ്ലോ ചാര്‍ജ്ജിങ്ങും ഇവിടെ ഉണ്ടായിരിക്കും.
പത്തനംതിട്ട ജില്ലയൊട്ടാകെ 33 പോള്‍ മൌണ്ടുകളാണ് സ്ഥാപിക്കുന്നത്. പാതയോരത്തെ വൈദ്യുതി തൂണിലാണ് ഇത് സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. അടുത്തമാസം കമ്മീഷന്‍ ചെയ്യുമെന്നാണ് വിവരം. ഒരു നിയോജകമണ്ഡലത്തില്‍ അഞ്ച് പോള്‍ മൌണ്ടുകളാണ് സ്ഥാപിക്കുന്നത്. എം.എല്‍.എ മാര്‍ സ്ഥലം നിശ്ചയിച്ച് കത്ത് നല്‍കിയതിന്‍ പ്രകാരമാണ് ഇവ സ്ഥാപിക്കുന്നത്. ആറന്മുള നിയോജകമണ്ഡലത്തിലെ പോള്‍ മൌണ്ടുകള്‍ കുമ്പഴ – വെട്ടൂര്‍ റോഡില്‍ മത്സ്യ മാര്‍ക്കറ്റ്, മൈലപ്രാ – പത്തനംതിട്ട റോഡിലെ ശബരിമല ഇടത്താവളം, മല്ലശ്ശേരി (പൂങ്കാവ്), ആറന്മുള സത്രക്കടവ് എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇവിടെ ചാര്‍ജ്ജ് ചെയ്യാം. 3.3 കിലോവാട്ട് ആണ് കപ്പാസിറ്റി. എല്ലാ ദിവസവും 24 മണിക്കൂറും ഈ സംവിധാനത്തിലൂടെ വാഹനം ചാര്‍ജ്ജ് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് തടസ്സവുമില്ല. ചാര്‍ജ്ജിംഗ് ചെയ്യുവാന്‍ പ്രത്യേക ആപ്പ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. വാഹനവും ചാര്‍ജ്ജര്‍ യൂണിറ്റുമായി കേബിള്‍ കണക്ട് ചെയ്തിട്ട് ആപ്പ് ഉപയോഗിച്ച് ആവശ്യാനുസരണം ചാര്‍ജ്ജ് ചെയ്യാം. ചാര്‍ജ്ജിംഗ് അവസാനിപ്പിക്കുമ്പോള്‍ വാലറ്റില്‍ നിന്നും അതിന്റെ പണം കെ.എസ്.ഇ.ബി ക്ക് ലഭിക്കും. ചാര്‍ജ്ജിങ്ങിനിടെ വൈദ്യുതി ബന്ധം നിലച്ചാല്‍ അതുവരെ ചാര്‍ജ്ജിങ്ങിന് ഉപയോഗിച്ചതിന്റെ വൈദ്യുതി ചാര്‍ജ്ജ് മാത്രമേ വാലറ്റില്‍ നിന്നും ഈടാക്കുകയുള്ളു.