റാന്നി : കാട്ടാനഭീതിയിൽ കഴിയുന്ന കുമ്പളത്താമൺ മേഖലയിൽ മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് യുവാക്കൾ രാത്രി കെഎസ്ഇബി ഓഫീസിൽ കിടന്ന് പ്രതിഷേധിച്ചു. നാല് മണിക്കൂറിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വടശ്ശേരിക്കര കുമ്പളത്താമൺ നിജു മെമ്മോറിയൽ ക്ലബ്ബ് പ്രസിഡന്റ് അബിന്റെ നേതൃത്വത്തിൽ അഞ്ച് യുവാക്കളാണ് ശനിയാഴ്ച രാത്രി ഓഫീസിലെത്തി പ്രതിഷേധിച്ചത്. വടശ്ശേരിക്കര പഞ്ചായത്തിലെ വനത്തോട് ചേർന്നുള്ള ഒളികല്ല്, കുമ്പളത്താമൺ, ബാലവാടി, മടുക്കമൂട് പ്രദേശങ്ങളിലെ ഇരുന്നൂറോളം വീടുകളിലെ വൈദ്യുതിയാണ് രാത്രി എട്ടുമണിയോടെ മുടങ്ങിയത്. സന്ധ്യയ്ക്ക് ഈ പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ആന ഇറങ്ങിയ വിവരം നാട്ടുകാർ സാമൂഹിക മാധ്യമത്തിലൂടെ ഈ പ്രദേശത്തുള്ളവരെ അറിയിച്ചിരുന്നു. അതിനിടയിലാണ് വൈദ്യുതി മുടങ്ങിയത്.
വടശ്ശേരിക്കര സെക്ഷൻ ഓഫീസിൽ ഒട്ടേറെ തവണ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോഴും തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. മറ്റ് മാർഗമില്ലാത്തിനാലാണ് നേരിട്ട് ഓഫീസിലെത്തിയത്. പരാതി അറിയിച്ചിട്ടും ജീവനക്കാർ ഗൗനിച്ചില്ലെന്ന് സമരത്തിൽ പങ്കെടുത്ത അജേഷ് പറഞ്ഞു. തുടർന്നാണ് പ്രതിഷേധിച്ച് ഓഫീസിലെ തറയിൽ കിടന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാതെ മടങ്ങില്ലെന്ന് ജീവനക്കാരെ അറിയിച്ചു. അർദ്ധരാത്രി കഴിഞ്ഞിട്ടും മടങ്ങാത്തതിനെ തുടർന്നാണ് ജീവനക്കാർ രണ്ട് മണിയോടെ ഈ മേഖലയിലെ വൈദ്യുതി തകരാർ പരിഹരിച്ചതന്നെും യുവാക്കൾ പറഞ്ഞു.