ശ്രീനഗര്‍ : ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനായി അതിര്‍ത്തിയില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും അതിര്‍ത്തി മേഖലകളിലുള്ള തുരങ്കങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി നശിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഭീകരത നേരിടുന്നതിലും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനത്തില്‍ കത്വയിലെ ബിഎസ്എഫിന്റെ അതിര്‍ത്തി ഔട്ട്‌പോസ്റ്റ് ‘വിനയ്’ സന്ദര്‍ശിച്ച അമിത് ഷാ, ബിഎസ്എഫ് ജവാന്മാരുമായി സംവദിച്ചു.
അതിശൈത്യം, കനത്ത മഴ, അതല്ലെങ്കില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില എന്നിവയോ, ഭൂമിശാസ്ത്രപരമോ കാലാവസ്ഥാപരമോ ആയ വെല്ലുവിളികള്‍ കണക്കിലെടുക്കാതെ, അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ നമ്മുടെ സൈനികര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകയാണെന്ന് ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാന്‍, അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിനായി രണ്ട് തരത്തിലുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മുഴുവന്‍ അതിര്‍ത്തിയിലും ഇവ സ്ഥാപിച്ചുകഴിഞ്ഞാല്‍ ശത്രുവിന്റെ ഏതു നടപടികളോടും ഉടന്‍ പ്രതികരിക്കാനാകും. ഭൂഗര്‍ഭ അതിര്‍ത്തി തുരങ്കങ്ങള്‍ കണ്ടെത്താനും ജമ്മു കശ്മീരിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഇന്ത്യ-പാകിസ്ഥാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഈ സാങ്കേതിക സംവിധാനം പൂര്‍ണമായും ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. കത്വ വനമേഖലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പൊലീസുകാരുടെ കുടുംബങ്ങളെ അമിത് ഷാ സന്ദര്‍ശിച്ചു. മൂന്നര പതിറ്റാണ്ടിലേറെയായി, ജമ്മു കശ്മീര്‍ ഭീകരതയുടെ വിനാശകരമായ ഫലങ്ങള്‍ അനുഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, തീവ്രവാദത്തെ നേരിടുന്നതിലും വിഘടനവാദ പ്രത്യയശാസ്ത്രം അവസാനിപ്പിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചു. പക്ഷെ ദൗത്യം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല, കാരണം തീവ്രവാദം പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടില്ല. അമിത് ഷാ പറഞ്ഞു.