പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിന് പരിഗണിച്ച സ്ഥലത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് നീക്കം. നിര്‍ദിഷ്ട സ്ഥലത്ത് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ ജി എസ് ഗ്രൂപ്പ് ഐടി വകുപ്പിന് അപേക്ഷ നല്‍കി. പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കില്‍ ദൂപരിഷ്‌കരണ ചട്ടത്തില്‍ ഇളവും വേണ്ടിവരും. ടിഒഎഫ്എല്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് കെജിഎസ് ഗ്രൂപ്പ് ഒരുങ്ങുന്നത്. ഉടമസ്ഥാവകാശം ടിഒഎഫ്എല്‍ കമ്പനിക്ക് നല്‍കി ഇലക്ട്രോണിക്‌സ് സിറ്റി രൂപീകരിക്കാനാണ് കെജിഎസ് ലക്ഷ്യമിടുന്നത്.
344 ഏക്കറില്‍ വരുന്ന പദ്ധതിയെ എതിര്‍ത്ത് കൃഷിവകുപ്പ് രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് ആവശ്യമായ 344 ഏക്കറില്‍ 90 ശതമാനവും നിലമാണ്. അതുകൊണ്ട് തണ്ണീര്‍ത്തടത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതി എന്നാണ് അപേക്ഷയില്‍ പറയുന്നത്. തണ്ണീര്‍ത്തടമായത് കൊണ്ട് റവന്യൂവകുപ്പിന്റെ അനുമതി അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.