ധോണി: പാലക്കാട് ജില്ലയിലെ ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്യുന്ന പി ടി സെവനെ പിടിക്കാൻ ദൌത്യ സംഘം ഇന്നെത്തും. രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ 22 അംഗ സംഘമാണ് വയനാട്ടിൽ നിന്ന് പാലക്കാട് എത്തുക. ആനയെ മെരുക്കാനുള്ള കൂടും ധോണിയിൽ തന്നെ ഒരുക്കും. ഇതിനുള്ള നടപടികളും ഇന്ന് തുടങ്ങും. ആനയെ നിരീക്ഷിച്ച ശേഷമാകും മയക്കുവെടി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഇതിനായി അടുത്ത ദിവസങ്ങളിൽ ദൌത്യ സംഘത്തിൻ്റെ പെട്രോളിങ് ഉണ്ടാകും. അപായ സാധ്യതകൾ പരമാവധി കുറച്ചാകും പിടി സെവനെ പിടികൂടുന്നതിലേക്ക് കടക്കുക.
പാലക്കാട് ധോണിയില്‍ രാത്രി എത്തുന്ന പി ടി 7 രാവിലെ മാത്രമാണ് മടങ്ങാറ്. ഇതിനിടയില്‍ കൃഷി നാശം മാത്രമല്ല മേഖലയിലെ ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. തുടക്കത്തില്‍ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയത് വലിയ ഭീതി ആളുകള്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ആക്കം കൂട്ടിയാണ് രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും പി ടി 7 ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം പി.ടി സെവനെ മെരുക്കാൻ മുത്തങ്ങയിൽ കൂടൊരുക്കിയ വകയിൽ സർക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ നിന്ന് കുങ്കിയാനകളടക്കമുള്ള വിദഗ്ധ സംഘത്തെ പാലക്കാട് കൊണ്ടുപോയതിലും പ്രതിഷേധം ഉയരുന്നുണ്ട്. മയക്കുവെടി വച്ച് പിടികൂടുന്ന പി.ടി സെവൻ കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി 4 ലക്ഷം രൂപയോളം ചെലവാക്കി കൂടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി.
എന്നാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു. കാട്ടാനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പാലക്കാട് തന്നെ കൂടൊരുക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പുതിയ ഉത്തരവ് വന്നത്. പിന്നെ എന്തിനാണ് വേണ്ട കൂടിയാലോചനകൾ ഇല്ലാതെ മുത്തങ്ങയിൽ കൂടൊരുക്കിയത് എന്ന ചോദ്യത്തിന് വനം വകുപ്പിന് മറുപടിയില്ല. 18 അടി ഉയരമുള്ള കൂട് നിർമ്മിക്കാനായി ദിവസങ്ങൾ നീണ്ട വനപാലകരുടെ അധ്വാനവുമാണ് വെറുതെയാകുന്നത്. പാലക്കാട്ടെ ദൗത്യം പൂർത്തിയാക്കി വടക്കനാട് കൊമ്പനെയും കല്ലൂർ കൊന്പനെയും മുത്തങ്ങയിൽ തിരികെയെത്തിച്ചില്ലെങ്കിൽ വ്യാപക പ്രതിഷേധം ഉയരും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാര്യങ്ങൾ പഠിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായി ഉദ്യോഗസ്ഥർക്കിടയിൽ പരാതിയുണ്ട്.