കോന്നി : കുളത്തുമൺ, കല്ലേലി പ്രദേശങ്ങളിൽ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ ആരംഭിച്ച കൈത ചക്ക കൃഷിയെ തുടർന്നാണ് പ്രദേശത്ത് കാട്ടാനയുടെ ശല്യം കൂടുതൽ രൂക്ഷമായത്. കാട്ടാന ശല്യം വർധിച്ചതോടെ പ്രദേശത്തെ കൈത ചക്ക കൃഷി നടത്തുന്ന ഉടമകൾക്ക് ഈ കാരണം ചൂണ്ടികാട്ടി കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി നോട്ടീസ് നൽകിയിരുന്നു. വന മേഖലയോട് ചേർന്ന സ്ഥലങ്ങളിൽ ആണ് കൈത കൃഷി കൂടുതലും ഉള്ളത്. കൈത ചക്ക പഴുത്ത് പാകമാകുമ്പോൾ ഉണ്ടാകുന്ന സുഗന്ധം ആനകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും കാട്ടാന ശല്യം രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടു പോലും യാതൊരു നടപടിയും ഉണ്ടായില്ല.
നടുവത്തുമൂഴി വന മേഖലയോട് ചേർന്ന് കിടക്കുന്ന കല്ലേലി എസ്റ്റേറ്റ് ഭാഗത്താണ് കൈതകൃഷി കൂടുതലായും ഉള്ളത്. ഈ എസ്റ്റേറ്റിനുള്ളിൽ റബ്ബർ വെട്ടുന്നതിനും മറ്റ് ജോലികൾക്കും പോയ നിരവധി തൊഴിലാളികളെ ആണ് കാട്ടാന ഓടിക്കുകയും തൊഴിലാളികൾ തല നാരിഴക്ക് രക്ഷപെടുകയും ചെയ്തിട്ടുള്ളത്. പ്രദേശത്തെ നിരവധി കൈത തോട്ടങ്ങളും കാട്ടാന നശിപ്പിച്ചിരുന്നു. എന്നിട്ടും കൈത കൃഷിക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. കൈത ചക്കയുടെ അവശിഷ്ടങ്ങൾ പ്രദേശത്തേക്ക് വലിച്ചെറിയുന്നതും കാട്ടാന ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രദേശത്തെ കൈത കൃഷി നടത്തുന്ന സ്വകാര്യ വ്യക്തികൾ പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് ഇത്തരം കൈത കൃഷികൾ നടത്തുന്നത്. ഇതിന് തടയിടുവാനും അധികാരികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം