തൃശൂര്‍: ചേലക്കരയ്ക്കടുത്ത് വാഴക്കോട് ആനയെ കൊന്ന് കുഴിച്ചു മൂടി കൊമ്പ് കടത്തിയ കേസില്‍ 4 പ്രതികള്‍ കൂടി കീഴടങ്ങി. ജിന്റോ, ജെയിംസ് തോമസ്, ജെയിംസ് പി വര്‍ഗീസ്, സെബി മാത്യു എന്നിവരാണ് എറണാകുളത്തും ത്യശൂരിലുമായി കീഴടങ്ങിയത്. ഈ മാസം 14 നാണ് റോയിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയില്‍ 10 പേരാണുള്ളത്.
ആനയെ കുഴിച്ചിട്ട റബ്ബര്‍ തോട്ടത്തിന്റെ ഉടമയായ മണിയന്‍ചിറ ജോയിയും മറ്റൊരു പ്രതിയായ ജോബിയും 4 ദിവസം മുമ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. ആനയുടെ കൊമ്പ് മുറിച്ചെടുത്തതിന് നേരത്തേ അറസ്റ്റിലായ അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.