കോന്നി : വേനലിൽ കല്ലാറ്റിൽ നീരാടുവാൻ എത്തുന്ന കാട്ടാനകൂട്ടം സഞ്ചാരികൾക്ക് കൗതുകമാകുന്നു. കോന്നി തണ്ണിത്തോട് റോഡിലാണ് കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കുവാനും കല്ലാറ്റിൽ മുങ്ങി കുളിക്കുവാനും എത്തുന്നത്. പലപ്പോഴും റോഡിന് കുറുകെയുള്ള ആനത്താരകളിലൂടെ കല്ലാറ്റിലേക്കിറങ്ങുന്ന ആനക്കൂട്ടം ചിലപ്പോൾ ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും റോഡ് മുറിച്ച് കടക്കുന്ന ആനകൂട്ടത്തിന്റെ വരവ് ആരിലും കൗതുകമുണർത്തും. തണ്ണിത്തോട് റോഡിലെ പേരുവാലി, തട്ടാത്തി കയത്തിന്റെ ഭാഗം, മുണ്ടോംമൂഴി, ഇലവുങ്കലിനും മുണ്ടോംമൂഴിക്കും ഇടയിലും ചിറ്റാർ റോഡിലെ നെടുംതാര എന്നിവടങ്ങളിലായാണ് ആനക്കൂട്ടങ്ങൾ ഇറങ്ങാറ്. എന്നാൽ രാത്രിയിൽ ഇറങ്ങുന്ന ആനക്കൂട്ടത്തെ യാത്രക്കാർക്ക് ഭയമുണ്ട്. ചിലപ്പോൾ റോഡിൽ മണിക്കൂറോളം നിലയുറപ്പിക്കുന്ന കൊമ്പൻമാർ ഏറെ നേരം കഴിഞ്ഞാവും വനത്തിലേക്ക് മടങ്ങുക. എന്നാൽ റോഡിൽ നിൽക്കുമ്പോൾ ഉച്ചത്തിൽ ഹോൺ മുഴക്കിയാൽ ഭയക്കുന്ന ഇവർ പരിഭ്രാന്തരാകുവാനും സാധ്യതയുണ്ട്. ചെറിയ കുട്ടിയാനകൾ മുതൽ ചെറുതും വലുതുമായ ആനക്കൂട്ടങ്ങൾ മണിക്കൂറോളം കല്ലാറ്റിൽ നീന്തിതുടിച്ചാണ് മടങ്ങുന്നത്. അനക്കൂട്ടത്തിന്റെ തണ്ണിത്തോട് റോഡിന് കുറുകെയുള്ള യാത്രയിൽ യാത്രക്കാരിൽ ചിലർ പകർത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ലൈക്കും ഷെയറും വാരിക്കൂട്ടാറുമുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ചിത്രങ്ങൾ പ്രചാരം നേടുന്നതറിയാതെ ആനക്കൂട്ടങ്ങൾ പിന്നെയും യാത്ര തുടരുന്നു.
കാടിറങ്ങി എത്തുന്ന കൊമ്പന്മാർ സഞ്ചാരികൾക്ക് കൗതുകമാകുന്നു
RECENT NEWS
Advertisment