കോന്നി : ഓമനിച്ച് വളർത്തിയ നായയുടെ ജീവൻ എങ്കിലും പുലിയുടെ ആക്രമണത്തിൽ നിന്നും തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആണ് പൂവൻപാറ തെക്കേകര വീട്ടിൽ റ്റി പി വർഗീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വർഗീസിന്റെ വീട്ടുമുറ്റത്ത് അഴിച്ചു വിട്ടിരുന്ന വളർത്തുനായയെ പിടിക്കാൻ പുലി ശ്രമിക്കുന്നത്. ഇരുമ്പ് ഗേറ്റിന്റെ വിടവിലൂടെ മുൻ കൈ കടത്തി നായയെ പിടിക്കാൻ ശ്രമിച്ച പുലി നായയുടെ വാലിന്റെ അഗ്ര ഭാഗം കടിച്ചു മുറിച്ചു. ഈ സമയം കുതറിയോടിയെ നായ വീട്ടിലേക്ക് ചാടി കയറിയ നായ പുലിയുടെ പിടിയിൽ നിന്ന് രക്ഷപെടുകയായിരുന്നു. നായയുടെ വാലിൽ പിടുത്തം കിട്ടാതെ വന്നതോടെ പുലി വീട്ടുമുറ്റത്തേക്ക് കയറിയ ശേഷം മതിൽചാടി ഓടി മറഞ്ഞതായും വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുമുറ്റത്ത് ചോരപാടുകളും കണ്ടെത്തിയിട്ടുണ്ട്. മുറിവേറ്റ നായയെ ചികിത്സക്കും വിധേയനാക്കി.
ഇതിന് മുൻപാണ് എലിയറക്കലിലെ തടി മില്ലിന് സമീപം നായയുടെ കുര കേട്ട് നോക്കിയ അന്യസംസ്ഥാന തൊഴിലാളി എന്തോ ഒന്ന് ചാടി പോകുന്നത് കണ്ടത്. സമീപത്തെ സി സി റ്റി വി ദൃശ്യങ്ങളിളും ജീവി ചാടി പോകുന്നത് വ്യക്തമാണ്. എന്നാൽ ഇത് പുലിയാണെന്ന് സ്ഥിരീകരിക്കുവാൻ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കഴിഞ്ഞില്ല. കഴിഞ്ഞ പതിനാലാം തീയതിയാണ് പൂവൻപാറ നെടുമനാകുഴി ഭാഗത്ത് പുലിയെ നാട്ടുകാർ കണ്ടതായി പറയുന്നത്. പിന്നീട് പൂവൻപാറ ഇറച്ചി കടയ്ക്ക് പിറകിലും എലിയറക്കലിലുമെല്ലാം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. സ്ഥലത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചുവെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇതും നടപ്പായില്ല. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്ത് ഉള്ളവർ പുറത്ത് ഇറങ്ങരുത് എന്ന് വനം വകുപ്പ് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോന്നി ആർ ആർ റ്റി സംഘവും ദിവസങ്ങളായി തിരച്ചിൽ നടത്തി വരുന്നുണ്ട്.