മൂന്നാര്‍ : അര്‍ധരാത്രി എത്തിയ ഒറ്റയാന് മൂന്നാര്‍ ഡിവൈ.എസ്.പി ഓഫിസ് പരിസരത്ത് ഭീതി പടര്‍ത്തി. ഒന്നര മണിക്കൂര്‍ മുറ്റത്ത് ചെലവഴിച്ചശേഷമാണ് ആന മടങ്ങിയത്. രാത്രി 12ന് എത്തിയ ആന കെട്ടിടത്തിലെ കുടിവെള്ള ടാങ്ക് തകര്‍ത്ത് റോഡിലേക്കെറിഞ്ഞു. പിന്നീട് രണ്ടാമത്തെ ടാങ്കും നശിപ്പിച്ചു. മുറ്റത്തുനിന്ന മാവും ഒടിച്ചു. ഡിവൈ.എസ്.പി സുരേഷും ഡ്രൈവറും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.
ഒന്നര മണിക്കൂറോളം ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച ആന പിന്നീട് മുരുകന് കോവിലിന് സമീപത്തേക്ക് പോയി. ഒരുമാസമായി ടൗണിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ചമുമ്പ് രണ്ടാനകള് അന്തര്‍സംസ്ഥാന പാത മണിക്കൂറുകളോളം തടസ്സപ്പെടുത്തിയിരുന്നു. അതിനടുത്ത ദിവസം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ വീടിനുമുന്നിലെ കാര്‍ഷിക വിഭവങ്ങള്‍ ആന ഭക്ഷണമാക്കി.
നല്ലതണ്ണി, മൂന്നാര്‍ ടൗണ്‍, കോളനി, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ ഇവയുടെ ശല്യം പതിവാണ്. ഏറ്റവുമൊടുവില്‍ ചട്ടമൂന്നാര്‍ ചെക്ക്പോസ്റ്റില്‍ രണ്ടുദിവസം തുടര്‍ച്ചയായി എത്തി ആറ് കടകളും ചെക്ക്പോസ്റ്റും തകര്‍ത്തിരുന്നു.