തിരുവനന്തപുരം : കർമ്മ ന്യൂസ് എന്ന യു ട്യൂബ് ചാനല്‍ വ്യാജവാർത്ത ചെയ്ത് യാന ഹോസ്പിറ്റലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. പോലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി ഒഴിവാക്കിവിട്ട ഒരു കേസിനെ ഉയർത്തിപ്പിടിച്ച് വ്യാജ വാർത്ത ഉണ്ടാക്കി സ്ഥാപനത്തെ നശിപ്പിക്കാനാണ് കർമ്മ ന്യൂസിന്റെ ശ്രമം. യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടം നടക്കുന്നു എന്ന പേരിൽ സുജിത്തും ഭാര്യ സിത്താരയും കർമ്മ ന്യൂസിലൂടെ പങ്കുവെച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥയുമായി യാന ഹോസ്പിറ്റലില്‍ ഇവരെ ചികിൽസിച്ച ഡോക്ടർ തന്നെ രംഗത്ത് വന്നു.
ഡിഎൻസിപ്രൊസീജറിനു സുജിത്ത് സമ്മതിക്കാതിരിക്കുകയും ഭാര്യയുടെ ജീവൻ വെച്ച് വിലപേശി ചിലവായ പണം തിരിച്ചു കൊടുത്തില്ലായെങ്കിൽ സിത്താര മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. പണം തട്ടിയെടുക്കുക തന്നെയാണ് ഇവരുടെ ലക്ഷ്യമെന്നും പണത്തിനുവേണ്ടി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ വ്യക്തമാക്കി. സുജിത്തും സിത്താരയും ഹോസ്പിറ്റലിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി വ്യാജമെന്ന് കണ്ടെത്തിയ കേസിനെ വളച്ചൊടിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച് ആശുപത്രിയെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റൽ പൂട്ടിയ്ക്കും എന്ന തരത്തിൽ നിരവധി ഭീഷണികൾ സുജിത് നടത്തിയെന്നും ഡോക്ടർ പ്രതികരിച്ചു.