തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കന്‍ കമ്പിനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ (കെ.എസ്.ഐ.എന്‍.സി) ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നു. കരാര്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇ.എം.സി.സിയുമായി ഏര്‍പ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാന്‍ സര്‍ക്കാറിനെ ചെന്നിത്തല വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എന്‍.സി. എം.ഡി എന്‍. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി. ജയരാജനും നിഷേധിച്ചതിനു പിന്നാലെ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മത്സ്യബന്ധനത്തിന് ധാരണപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പിനിയുടെ ഉടമകളുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ സെക്രേട്ടറിയറ്റില്‍ നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങളാണ് ചെന്നിത്തല പുറത്തുവിട്ടത്. ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചയില്‍ മേഴ്സിക്കുട്ടിയമ്മ നടത്തിയ ക്ഷണമാണ് പദ്ധതിക്ക് ആധാരമെന്ന് വ്യക്തമാക്കുന്ന രേഖയും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.
അമേരിക്കന്‍ കമ്പിനിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയതിനും മന്ത്രി ഇ.പി. ജയരാജന് പദ്ധതി അറിയാമായിരുന്നെന്നതിനും തെളിവുകളുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് ചര്‍ച്ചയില്‍ മന്ത്രി ക്ഷണിച്ചതനുസരിച്ചുള്ള പദ്ധതിയാണെന്നും മന്ത്രിസഭ അംഗീകാരം നല്‍കണമെന്നുമാണ് മന്ത്രി ഇ.പി.ജയരാജന് കമ്പിനി നല്കിയ കത്തില്‍ ആവശ്യപ്പെട്ടത്.
ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെ അസെന്റില്‍ സര്‍ക്കാറും ഇ.എം.സി.സിയും 5000 കോടിയുടെ ധാരണപത്രം ഒപ്പിടുകയും പദ്ധതിക്കായി കെ.എസ്.ഐ.ഡി.സി ഒക്ടോബറില്‍ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്ക് കീഴിലെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പപ്പറേഷനുമായി ഇ.എം.സി.സി 400 ട്രോളറുകള്‍ക്കും മറ്റുമുള്ള കരാറും ഒപ്പിട്ടെന്ന് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.