തിരുവനന്തപുരം: ദമ്മാമിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം. അന്വേഷണം പൂർത്തിയാകുന്നത് വരെ മാറ്റി നിർത്താനാണ് തീരുമാനം.പൈലറ്റിന്റെ പിഴവു മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യിക്കേണ്ടി വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ എയർ ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ കമ്പനി തീരുമാനിക്കുന്നത്.
എയർ ഇന്ത്യ നടത്തുന്ന ആഭ്യന്തര അന്വേഷണം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം എന്നിങ്ങനെ രണ്ട് തരത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് അന്വേഷണങ്ങളുടെയും റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. പൈലറ്റിനെതിരായാണ് റിപ്പോർട്ടുകളെങ്കിൽ ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യും.
വ്യോമയാന സാങ്കേതിത ഭാഷയിൽ ഡീറോസ്‌റ്റേർഡ് എന്നാണ് പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തുന്ന പ്രക്രിയയ്ക്ക് പേര്.ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്ന് ദമാമിലേക്ക് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. പറന്നുയരുമ്പോൾ ടെയിൽ ഭാഗം റൺവേയിലിടിച്ചതോടെ സാങ്കേതിക തകരാർ ഉണ്ടാവുകയും തിരുവനന്തപുരത്ത് ഇറക്കുകയുമായിരുന്നു. ലാൻഡിങിന് ആവശ്യമുള്ള ഇന്ധനം മാത്രം നിലനിർത്തി ബാക്കി ഇന്ധനം ഒഴുക്കിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.