തിരുവനന്തപുരം : എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് താത്കാലിക നിയമനങ്ങൾ നടക്കുന്നത്. കേന്ദ്ര നിയമം നിലനിൽക്കെ പല സർക്കാർ വകുപ്പുകളും ഒഴിവുകൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുന്നില്ല. താൽകാലിക ജീവനക്കാരെ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്താനായാണ് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി പലരും കാത്തിരിപ്പ് തുടരുകയാണ്. ആവശ്യമായ ഒഴിവില്ലാത്തതാണ് നിയമനം അനന്തമായി നീണ്ടു പോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ധാരാളം ഒഴിവുകൾ വരുന്നുണ്ട്. എന്നാൽ കൃത്യമായി ഇത് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നില്ല. ബാക്കി ഉള്ള വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തം നിലയിൽ താൽകാലിക നിയമനവും കരാർ നിയമനവും നടത്തുന്നു. പിന്നീട് ഇതിൽ പലരെയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ എംപ്ലോയ്‍മെന്റ് സർവ്വീസ് മാനുവൽ പ്രകാരം പി.എസ്‍.സിക്ക് വിടാത്ത മുഴുവൻ ഒഴിവുകളും എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. സീനിയോരിറ്റി പ്രകാരം പരമാവധി 180 ദിവസം ജോലി നൽകും. കൂടുതൽ പേർക്ക് ജോലി ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് 180 ദിവസം തൊഴിൽ എന്നത് നിജപ്പെടുത്തിയത്. പി.എസ്‍.സി നടത്തുന്നത് പോലെ കൃത്യമായ നിയമ പ്രകാരമാണ് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിലും നിയമനം നടത്തുന്നത്. താൽകാലിക നിയമനത്തിലൂടെ ഇതെല്ലാം അട്ടിമറിക്കപ്പെടുന്നു.