പുല്ലാട് : കോയിപ്രം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തി. പഞ്ചായത്തിൽ 2,318 കുടുംബങ്ങളാണ് തൊഴിൽ കാർഡ് എടുത്തത്. 3,920 തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 412 ആളുകളാണ് സജീവ തൊഴിലാളികളായിട്ടുള്ളത്. ഒരു വർഷം ഒരു തൊഴിലെങ്കിലും ചെയ്തിട്ടുള്ളവരാണ് സജീവ തൊഴിലാളികൾ. ജനറൽ വിഭാഗത്തിൽ-1495, എസ്‌സി – 553, എസ്ടി-108 തൊഴിലാളികളാണുള്ളത്. പതിനൊന്നാം വാർഡിലാണ് ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടത്-2793. ഏഴ് വാർഡുകളിൽ ആയിരത്തിനു മുകളിൽ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിൽ ആകെ 17,905 തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡൻറ് പി. സുജാത ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ പി.ആർ. ഗ്രീഷ്മ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ആതിര വിജയൻ തയ്യാറാക്കിയ റിപ്പോർട്ട് ജില്ല റിസോഴ്സ് പേഴ്സൺ സിമി ജോസ് അവതരിപ്പിച്ചു. സ്വതന്ത്ര നിരീക്ഷകനായി പിഐപി അസി. എൻജിനീയർ സോളമൻ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിങ് നിർണയ ആപ്ലിക്കേഷൻ വഴി തൽസമയം അപ്‌ലോഡുചെയ്തു.
കഴിഞ്ഞ ഒക്ടോബർ മുതൽ 2025 മാർച്ച് വരെയുള്ള ആറുമാസത്തെ പ്രവൃത്തികളാണ് ഓഡിറ്റുചെയ്തത്. പഞ്ചായത്ത് ഓഡിറ്റിങ്ങിന് മുൻപായി 17 വാർഡുകളിലും ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. വൈസ് പ്രസിഡൻറ് റെനി രാജു, ഗ്രാമപ്പഞ്ചായത്തംഗം പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ജയപ്രകാശ്, ബ്ലോക്ക് ജോ. ബിഡിഒ പ്രകാശ് എന്നിവർ പങ്കെടുത്തു.