പത്തനംതിട്ട : കുമ്പഴയില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകള്‍ റവന്യൂ അധികൃതര്‍ പിടികൂടി. കുമ്പഴയില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടികൂടിയത്.
കോഴഞ്ചരി തഹസില്‍ദാര്‍ മധുസൂതനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബാബുലാല്‍, സാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു തിരച്ചില്‍. നാല്‍പ്പതോളം സിലണ്ടറുകളാണ് പിടികൂടിയത്. പിടികൂടിയ സിലണ്ടറുകള്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി റീഫില്‍ ചെയ്യാന്‍ മാവേലിക്കരയിലെ ഓക്‌സിജന്‍ പ്ലാന്റിലേയ്ക്ക് മാറ്റി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് ഓക്സിജന്‍ സിലിണ്ടറിന് നെട്ടോട്ടമോടെണ്ടി വന്നു. അവസാനം സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഇത് സംഘടിപ്പിച്ചത്. പ്ലാന്റുകളില്‍ ഓക്സിജന്‍ നിറച്ചു കിട്ടുമെങ്കിലും ആവശ്യത്തിന് സിലിണ്ടര്‍ ഇല്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നു. നഗരസഭാ പ്രദേശത്തുതന്നെ നാല്‍പ്പതോളം സിലിണ്ടറുകള്‍ കാലിയായി ഇരിക്കുമ്പോഴാണ് ഓക്സിജന് വേണ്ടി ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഇന്ന് പത്തനംതിട്ടയില്‍ ബുദ്ധിമുട്ടിയത്.