റാന്നി : എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്‌കൂൾ എനർജി ക്ലബ്ബ്, പത്തനംതിട്ട ജില്ലാ ശാസ്ത്രരംഗവുമായി ചേർന്ന് ദേശീയ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യാ ഗവൺമെന്റ് ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ആണ് ഈ ദിനം രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ഊർജ്ജ കാര്യക്ഷമതയിലും സംരക്ഷണത്തിലും രാജ്യം കൈവരിച്ച നേട്ടങ്ങളുടെ അവതരണം, എല്ലാ മേഖലയിലും ഊർജ്ജ-കാര്യക്ഷമത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ശാസ്തരംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി വിഷയാവതരണം നടത്തി സ്വാഗതം ആശംസിച്ചു.
റാന്നി എം.എൽ എ അഡ്വ. പ്രമോദ് നാരായൺ റാന്നി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ ദേവി ഊർജ്ജ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈദ്യുതി ബോർഡ് മുൻ എഞ്ചിനീയർ ബാബു രാജ് ഊർജ സംരക്ഷണ അവബോധ ക്ലാസെടുത്തു. റാന്നി ബി.പി.സി ഷാജി എ. സലാം യോഗത്തിന് നന്ദി പറഞ്ഞു. ശാസ്ത്ര രംഗം ജില്ലാ -കോ ഓർഡിനേറ്ററും ശാസത്ര പാഠപുസ്തക രചനാ സമിതി അംഗവുമായ എഫ്. അജിനി പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി. ജില്ലാ തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.