റാന്നി : കെട്ടുവള്ളത്തിന്‍റെ മാതൃകയില്‍ ക്ലാസ് മുറികളൊരുക്കി മലയോര ഗ്രാമമായ വെച്ചൂച്ചിറയിലെ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂള്‍. പുതിയ അധ്യയന വർഷം കടന്നു വരുന്ന കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായിട്ടാണ് ക്ലാസ്സ് മുറി കെട്ടുവള്ളത്തിന്റെ മാതൃകയിൽ രൂപ കല്പന ചെയ്തിരിക്കുന്നത്. ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തു അതിനുള്ളിലാണ് കെട്ടു വള്ളം. കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടുകയുമില്ല.
തീർന്നില്ല പുതുമകൾ മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം. വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് ആനയിക്കുക. ആനയും കടുവയും ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. വിദ്യാലയത്തിന്റെ ഒരു കെട്ടിടം കഴിഞ്ഞ വർഷം അക്വേറിയമായി രൂപപ്പെടുത്തിയിരുന്നു. മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു.
സ്കൂളിലെ അധ്യാപകനായ എം.ജ ബിബിനാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു. അജീഷ് പാമ്പാടി , അജു,എം. ജെ ലിബിൻ, സന്തോഷ്, അജു അരയൻപാറ, എസ്. പോൾ രാജ്, ലിബി എന്നിവരാണ് കെട്ടു വള്ളം ഒരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. കോവിഡാനാന്തരം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുന്നതിനും വിദ്യാലയം ആകർഷകമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ രൂപ കല്പന ചെയ്തതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു.
പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളാണ് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറായികൊണ്ടിരിക്കുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും പി ടി എ യും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.