ചെങ്ങന്നൂർ : പുതുക്കിപ്പണിത ഉമയാറ്റുകര പുത്തൻ പള്ളിയോടം നീരണിയുന്നു. 2018- ജനുവരിയിൽ ഉളികുത്തി ശരവേഗത്തിൽ പുതിയ പള്ളിയോടം നിർമ്മിക്കുകയും പ്രളയത്തെ അതിജീവിച്ച് 2018-സെപ്റ്റംബറിൽ നീരണിയുകയും ചെയ്തിട്ടുള്ളതാണ് ഉയാറ്റുകര പുത്തൻ പളളിയോടം. എന്നാൽ ഈ പള്ളിയോടം കരകൗശല വൈദഗ്ദ്യത്തോടെ കെട്ടിലും മട്ടിലും അണിഞ്ഞൊരുങ്ങി വേറിട്ട രീതിയിലുള്ള കൊത്തുപണികളോടെ നവചൈതന്യത്തോടെ വീണ്ടും നീരണിയുകയാണ്. കാറ്റുമറ മുതൽ അമരം വരെ ഒതുക്കി അമരത്തിൻ്റെ ആകാര ഭംഗി കൂട്ടി വേഗത വർദ്ധിപ്പിക്കാനുള്ള പ്രവർത്തികളാണ് മുഖ്യ ശില്പി ചങ്ങംകരി വേണു ആചാരി നേതൃത്വത്തിലുള്ള സംഘം ഒരുക്കിയിട്ടുള്ളത്.
47 കാൽ കോൽ നീളവും 64 ഉടമയും 18 അടി അമര പ്പൊക്കവും നിലയാളുകൾ ഉൾപ്പടെ 110 പേർക്ക് കയറാവുന്നതുമാണ് പള്ളിയോടം. 13 ന് രാവിലെ 9 മണിക്ക് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി എൻ സുകുമാര പണിക്കർ നീരണിയൽ കർമ്മം നിർവ്വഹിക്കും. കരയോഗം പ്രസിഡൻ്റ് അജി ആർ നായർ അധ്യക്ഷത വഹിക്കും. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാംബ ദേവൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പള്ളിയോട ശില്പികളെ ആദരിക്കുമെന്ന് സെക്രട്ടറി പി എം ജയകുമാർ അറിയിച്ചു.
നൂറ്റാണ്ടുകളായി തിരുവാറന്മുള ഉതൃട്ടാതി ജലേമേളയിലെ നിറസാന്നിദ്ധ്യമായ നാലു തലമുറ കൈമാറിയ ഉമയാറ്റുകര പഴയ പള്ളിയോടംകാലപ്പഴക്കം മൂലം ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന് കൈമാറുകയും ചെയ്തു.