റാന്നി: പമ്പാ നദിയുടെ പുനരുജ്ജീവനത്തിനായി എന്റെ പമ്പ എന്റെ ജീവന്‍ എന്ന ജനകീയ നദീ സംരക്ഷണ യജ്ഞം സമയബന്ധിതമായി നടപ്പാക്കുവാന്‍ വൈ എം സി എ യില്‍ ചേര്‍ന്ന ജനകീയകൂട്ടായ്മ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു. മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തായുടെ ജീവിതവും ദര്‍ശനവും ആശയവും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുവാനും പ്രചരിപ്പിക്കുവാനുമായി രൂപീകരിച്ച മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് എന്റെ പമ്പ എന്റെ ജീവന്‍ പദ്ധതിയും ഹരിത ഭൂമി വിദ്യാര്‍ഥി പ്രസ്ഥാനവും പ്രവര്‍ത്തിക്കുക.
പമ്പാ നദിയുടെ വിവിധ ഘട്ടങ്ങളിലെ പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തീരപ്രദേശത്തുള്ള വിവിധ പഞ്ചായത്തുകള്‍ ചേര്‍ത്ത് മേഖലാ ജനകീയ സമിതികള്‍ രൂപീകരിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയിലൂടെ വിവിധ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പമ്പാ പരിരക്ഷണസമിതിയിലൂടെ മധ്യതിരുവിതാംകൂറിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍. കെ. സുകുമാരന്‍ നായര്‍ ആര്‍ജിച്ച പുഴ അറിവുകളും നിര്‍ദ്ദേശിച്ച പ്രവര്‍ത്തനപദ്ധതികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിയാവും പമ്പാ പരിരക്ഷണ ജനകീയ യജ്ഞം നടപ്പാക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്രിസോസ്റ്റം ഫൗണ്ടേഷന്‍ പ്രസിഡന്‍റ് റെജി കൊപ്പാറ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, എന്റെ പമ്പ എന്റെ ജീവന്‍ പദ്ധതി ജനറല്‍ കണ്‍വീനര്‍ ബെന്‍സി മാത്യു കിഴക്കേതില്‍, ഭദ്രന്‍ കല്ലയ്ക്കല്‍, ആലിച്ചന്‍ ആറൊന്നില്‍,ബെന്നി പുത്തന്‍പറമ്പിൽ, കെ എം മാത്യു താഴത്തില്ലത്ത്, സിജെ ഈശോ, അലിയാര്‍ എരുമേലി, അന്‍സാരി മന്ദിരം, സി എം മാത്യു അയിരൂര്‍, ഇ കെ സണ്ണി,തോമസ് കാര്യാട്ട്,എബ്രഹാം ദാനിയേല്‍
എന്നിവര്‍ പ്രസംഗിച്ചു.