പത്തനംതിട്ട : ആദ്യ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് സിനിമാ പ്രേമികളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ പ്രതികരണം. മേളയിലെ ഡെലിഗേറ്റ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രതീക്ഷിച്ചതിലേറെ പ്രതിനിധികൾ എത്തിയതോടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നിർത്തിവെക്കാൻ ആലോചിക്കുന്നതായി സംഘാടകസമിതി ചെയർമാൻ അഡ്വ. റ്റി.സക്കീർ ഹുസൈൻ പറഞ്ഞു. ചലച്ചിത്രമേളയിലെ സിനിമകളുടെ ലിസ്റ്റും പ്രദർശന ഷെഡ്യൂളും പുറത്തുവന്നതോടെയാണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ വേഗത്തിലായത്. ലോക ക്ലാസിക്ക് ചലച്ചിത്രങ്ങൾ ഉൾപ്പെടെ കുറഞ്ഞ ചെലവിൽ കാണാൻ അവസരം ലഭിച്ചതോടെ മേളയുടെ ജനപ്രീതി വർദ്ധിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 10 ലോക ക്ലാസിക്കുകളും 13മലയാളം ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളുമാണ് പ്രദർശനത്തിനെത്തുന്നത്.
ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
ഐ ഫ് എഫ് പി രജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ ഡെലിഗേറ്റ് പാസ് വിതരണം സംഘാടകസമിതി ഓഫീസിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ അനു പുരുഷോത്തം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ആദ്യ പാസ് ഏറ്റുവാങ്ങി. ചലച്ചിത്ര മേളയുടെ ഗസ്റ്റ് പാസ് സംഘാടകസമിതി വൈസ് ചെയർമാൻ എ ജാസിംകുട്ടി അനു പുരുഷോത്തമിന് നൽകി. രജിസ്റ്റർ ചെയ്ത ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന ഡെലിഗേറ്റ് കിറ്റ് നൽകും നാളെ (7) രാവിലെ മുതൽ സംഘാടകസമിതി ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് സംഘാടകസമിതി കൺവീനർ എം എസ് സുരേഷ് പറഞ്ഞു.
—–
വിളംബരജാഥ നാളെ (7)3 മണിക്ക്
നഗരത്തിന് ഉത്സവ ദിനങ്ങൾ സമ്മാനിക്കുന്ന ചലച്ചിത്രമേളയുടെ വിളംബര ജാഥ നാളെ (7) വൈകുന്നേരം 3 മണിക്ക് നഗരത്തിൽ നടക്കും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അബാൻ ജംഗ്ഷനിൽ സമാപിക്കും. പുലികളി, മലബാർ തെയ്യം, ശിങ്കാര കാവടി, ആദിവാസി നൃത്തം, പ്ലോട്ടുകൾ തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ നടക്കുന്ന വിളംബരജാഥയിൽ നൂറുകണക്കിന് ജനങ്ങൾ അണിനിരക്കും.